മിന്നലേറ്റ് മരംവെട്ട് തൊഴിലാളി മരിച്ചു
1596944
Sunday, October 5, 2025 3:43 AM IST
ഹരിപ്പാട്: മിന്നലേറ്റ് മരംവെട്ട് തൊഴിലാളി മരിച്ചു. തുലാംപറമ്പ് സൗത്ത് ഡാണാപ്പടി വലിയപറമ്പില്‍ പടീറ്റതില്‍ ബിനു തമ്പാന് (47) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വെട്ടുവേനി പടിക്കിലേത്ത് വടക്കേതില്‍ മഹേഷ്കുമാറിനെ (40) പരുമല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
വീയപുരം പത്താം വാര്‍ഡില്‍ (കാരിച്ചാല്‍) സച്ചിന് വില്ലയിലെ മാര്‍ട്ടിന്റെ അക്വേഷ്യ, ആഞ്ഞിലി മരങ്ങളിലെ ശിഖരങ്ങൾ ബിനു തമ്പാനും മഹേഷും കൂടി ഇറക്കിക്കൊണ്ടിരിക്കെ രണ്ടു പേര്‍ക്കും മിന്നലേക്കുകയും രണ്ടു പേരും നിലത്തുവീഴുകയുമായിരുന്നു. താഴെനിന്ന് ജോലിചെയ്തിരുന്ന മൂന്നുതൊഴിലാളികള്‍ ഇവരെ ഉടന്‍തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബിനു തമ്പാന്റെ ജീവന് രക്ഷിക്കാനായില്ല.
മരത്തിന്റെ മുകളില്‍നിന്നു മതിലില്‍ വീണ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മഹേഷിനെ പരുമലയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിനു തമ്പാന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. സംസ്കാരം ഇന്ന് മൂന്നിന്. ഭാര്യ: റീന. മക്കള്‍: സ്നേഹ ബിനു, അലന് ബിനു.