പുതമൺ പാലം നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ
1597489
Monday, October 6, 2025 11:31 PM IST
റാന്നി: പുതമൺ പാലത്തിന്റെ പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച് ശബരിമല മണ്ഡലകാലത്തിനു മുന്പായി തുറന്നു നൽകാൻ നിർദേശം. ശബരിമലയിലേക്കുള്ള പ്രധാന പാതകളിലൊന്നായ കോഴഞ്ചേരി - കീക്കൊഴൂർ - റാന്നി പാതയിൽ കഴിഞ്ഞ രണ്ടുവർഷമായി പാലത്തിന്റെ തകർച്ചമൂലം യാത്ര ദുരിതത്തിലാണ്.
പാലം പണി അടിയന്തരമായി പൂർത്തീകരിക്കാനുള്ള നിർദേശം നൽകിയതായി മന്ത്രി മുഹമ്മദ് റിയാസും പ്രമോദ് നാരായൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.
പാലത്തിന്റെ ഡെക്ക് സ്ലാബ് കോൺക്രീറ്റ് അടിയന്തരമായി പൂർത്തീകരിക്കുന്ന വിധത്തിൽ പ്രവൃത്തി ക്രമീകരിച്ചിട്ടുണ്ട്. തുടർന്ന് പാലത്തിന്റെ പൂർത്തീകരിച്ച അപ്രോച്ച് റോഡിൽ ജിഎസ്ബി വിരിച്ച് വാഹനഗതാഗതത്തിനു താത്കാലികമായി തുറന്നുകൊടുക്കത്തക്ക വിധമാണ് പ്രവൃത്തികൾ ക്രമീകരിച്ചിരിക്കുന്നതിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ശബരിമല പാതയിലെ പാലം എന്ന നിലയിൽ പ്രത്യേകമായി ശ്രദ്ധിക്കുന്നതിന് പാലം വിഭാഗം എൻജിനീയർക്ക് നിർദേശം നൽകിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.
പാലം നിർമിക്കുന്നതിനായി 2.05 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ പ്രവൃത്തി ടെൻഡർ ചെയ്തപ്പോൾ 20 ശതമാനം അധികത്തിലാണ് കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തത്.
നിർമാണം മൂന്നു പ്രാവശ്യം ടെൻഡർ ചെയ്യേണ്ടി വന്നു. പിന്നീട് പ്രത്യേക മന്ത്രിസഭ കൂടി പുതിയ തുകയ്ക്ക് അനുമതി നൽകിയ ശേഷമാണ് നിർമാണ ജോലികൾ ആരംഭിച്ചത്.
അനുവദിച്ച തുകയേക്കാൾ വളരെയധികം തുക അധികമായി വേണ്ടി വന്നതിനാലാണ് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമായി വന്നത്. ഒരുവർഷം മുന്പാണ് ജോലികൾ ആരംഭിച്ചത്.
11 മീറ്റർ വീതി
റാന്നി- ബ്ലോക്ക്പടി - മേലുകാവ് - കോഴഞ്ചേരി റോഡിലെ പുതമൺ പെരുന്തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിൽ ആയതോടെയാണ് പുതിയ പാലം നിർമിക്കുന്നത്. 2023 ജനുവരി 26നാണ് പഴയ പാലത്തിനു ബലക്ഷയം കണ്ടെത്തിയത്.
തുടർന്ന് ഗതാഗതം തടഞ്ഞു. ചെറുവാഹനങ്ങൾ മാത്രം കടത്തിവിട്ടുകൊണ്ടായിരുന്നു ആദ്യം നിയന്ത്രണം. പിന്നീട് 30 ലക്ഷം രൂപ ചെലവിൽ താത്കാലിക പാത നിർമിച്ച് ഗതാഗതം അനുവദിച്ചു. 70 വർഷത്തിലധികം പഴക്കമുള്ള പാലം അപകടാവസ്ഥയിലാണെന്ന കണ്ടെത്തലിനേ തുടർന്നാണ് പുതിയ പാലം എന്ന നിർദേശം പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചത്.
നിലവിലെ പാലം പുതുക്കി പ്പണിയുന്നതിനു പകരമായി പുതിയ പാലം എന്ന നിർദേശം പൊതുമരാമത്ത് വകുപ്പും അംഗീകരിച്ചു. എട്ട് മീറ്റർ വീതം നീളമുള്ള രണ്ട് സ്പാനുകളോടു കൂടിയ സബ്മേഴ്സിബി പാലമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 7.50 മീറ്റർ വാഹനഗതാഗതവും ഇരുവശത്തും ഒന്നര മീറ്റർ വീതം ഫുട്പാത്തും ഉൾപ്പെടെ 11 മീറ്ററാണ് പാലത്തിന്റെ വീതി. നിലവിൽ പാലത്തിന്റെ പൈലുകളുടെയും പൈൽ ക്യാപ്പുകളുടേയും നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. റോഡിന്റെ ഇരുകരകളിലും ഉള്ള അബട്ട്മെന്റിന്റെയും മധ്യത്തിലുള്ള പിയറിന്റെയും നിർമാണവും പൂർത്തീകരിച്ചു.
അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തിയുടെ നിർമാണവും പുരോഗമിക്കുകയാണ്. തോടിന്റെ അടിത്തട്ടിൽ അപ്രോൺ നിർമാണവും പുരോഗമിക്കുകയാണ്. കാലവർഷം ശക്തിയായതോടെ പെരുന്തോട്ടിൽ വെള്ളം അടിക്കടി ക്രമാതീതമായി ഉയർന്നതാണ് പ്രവൃത്തിയുടെ പുരോഗതിയെ സാരമായി ബാധിച്ചത്.