സ്വർണപ്പാളി വിവാദം: ഹൈക്കോടതി നിരീക്ഷണത്തിൽ അന്വേഷണം വേണമെന്ന് കൊടിക്കുന്നിൽ സുരേഷ്
1597501
Monday, October 6, 2025 11:31 PM IST
ചെങ്ങന്നൂർ: കേരളം ഭരിക്കുന്നത് അമ്പലം വിഴുങ്ങി സർക്കാരാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു. ശബരിമലയിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ യഥാർഥ പ്രതികളെ പുറത്തുകൊണ്ടുവരണമെങ്കിൽ ഹൈക്കോടതിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചെങ്ങന്നൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥരും ദേവസ്വം ബോർഡും അടങ്ങുന്ന -തിരുട്ടുസംഘമാണ് സ്വർണമോഷണം നടത്തിയത്. ഈ തിരുട്ടുസംഘത്തിന്റെ സംരക്ഷകനാണ് മുഖ്യമന്ത്രി. അതുകൊണ്ടാണ് അദ്ദേഹം മൗനം തുടരുന്നത്. സ്ത്രീപ്രവേശന സമയത്ത് ആചാരലംഘനം നടത്താൻ കാട്ടിയ ആവേശം അയ്യപ്പന്റെ സ്വത്ത് നഷ്ടപ്പെട്ടപ്പോൾ മുഖ്യമന്ത്രിക്ക് ഉണ്ടായില്ല.
ശബരിമലയിലെ സ്വർണപ്പാളി മോഷ്ടിക്കപ്പെട്ടത് എങ്ങനെയാണ്, ആരൊക്കെ ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തത് എന്നിവയടക്കം അന്വേഷണവിധേയമാക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.