സ്കൂള്‍ റേഡിയോ പദ്ധതി ഉദ്ഘാടനം ഒന്‍പതിന്
1597493
Monday, October 6, 2025 11:31 PM IST
എടത്വ: സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍ ഇനി സ്മാര്‍ട്ടാവുന്നു. സ്കൂള്‍ റേഡിയോ എന്ന സ്വപ്ന പദ്ധതി സാക്ഷാത്്കാരത്തിലേക്ക്. സ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് ക്ലബ്ബിന്റെ തനത് പ്രവര്‍ത്തനമായ സ്കൂള്‍ റേഡിയോയായ സെന്റ് മേരീസ് ലിറ്റില്‍ കൈറ്റ്സ് സ്മാര്‍ട്ട് സ്വരം റേഡിയോ പ്രക്ഷേപണത്തിന്റെ ഉദ്ഘാടനം 9ന് ഉച്ചയ്ക്ക് 1.30ന് ഫൊറോനാ പള്ളി പാരിഷ് ഹാളില്‍ നടക്കും.
കുട്ടനാട്ടിലെ ആദ്യ സ്കൂള്‍ റേഡിയോ എന്ന പ്രത്യേകതയോടെയാണ് എത്തുന്നത്. ഹെഡ്മിസ്ട്രസ് പ്രിയ ഫിലിപ്പ്, റേഡിയോ കോ-ഓര്‍ഡിനേറ്റര്‍ എബി ടോം സിബി, ഷാലറ്റ് മരിയ ജോര്‍ജ്, ഷിന്റു ജോസഫ് എന്നിവര്‍ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ചലച്ചിത്ര പിന്നണി ഗായിക വൈഗാ ലക്ഷ്മി ഉദ്ഘാടനം നിര്‍വഹിക്കും.
മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിക്കും. തലവടി മുന്‍ എഇഒ സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. മീഡിയ വില്ലേജ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ്, റേഡിയോ മീഡിയ വില്ലേജ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വിപിന്‍ രാജ് എന്നിവര്‍ മുഖ്യാതിഥികളായി എത്തും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ്, ബിനു ഐസക് രാജു, ജയിന് മാത്യു, അനുപമ, തലവടി അശോകന്, ജയന് ജോസഫ് പുന്നപ്ര എന്നിവര്‍ പ്രസംഗിക്കും.