കാർഷികമേഖലയിൽ വിസ്മയമായി വി. വിജയൻ
1596948
Sunday, October 5, 2025 3:43 AM IST
മുഹമ്മ: റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ വടക്കനാര്യാട് വസുമതിയിൽ വി. വിജയന് കൃഷി ജീവവായു പോലെയാണ്. മണ്ണിനെ പ്രണയിച്ചും പരിപാലിച്ചും വിജയൻ കൊയ്യുന്ന നേട്ടങ്ങൾ കണ്ണും മനവും കവരുന്നതാണ്.
ഒരേക്കർ വരുന്ന വിജയന്റെ പുരയിടമാകെ പാവൽ, പടവലം, പപ്പായ, പയർ, മഞ്ഞൾ, ഇഞ്ചി, ചേമ്പ് തുടങ്ങിയ പച്ചക്കറിയിനങ്ങളുടെ നിറവാണ്. വിവിധയിനം വാഴകളാലും സമൃദ്ധമാണ്.
പുലർച്ചെ മുതൽ വിജയൻ കൃഷിയിടത്തിലുണ്ടാകും. പശുക്കളെ കറന്ന് തീറ്റ നൽകിയാൽ പിന്നെ കാർഷിക വിളകളോടുള്ള സല്ലാപം തുടങ്ങുകയായി. കായ്ഫലം കൊണ്ട് കുനിയുന്ന റെഡ് ലേഡി പപ്പായയും സ്വർണമുഖി ഏത്തവാഴകളും വിജയന്റെ മനസിൽ നിറയ്ക്കുന്നത് അതിരറ്റ സന്തോഷമാണ്. മനം നിറയെ ജൈവ കൃഷിയോടുള്ള പ്രണയമായതിനാൽ പശുവിൻ ചാണകവും പച്ചിലവളവുമാണ് പ്രധാനമായി ഉപയോഗിക്കുന്നത്.
നല്ല വരുമാനമുണ്ടാക്കാൻ കൃഷിയിലൂടെ കഴിയുമെന്നാണ് വിജയന്റെ സാക്ഷ്യം. റെഡ് ലേഡി പപ്പായ കിലോയ്ക്ക് 50 രൂപ നിരക്കിലാണ് വിറ്റത്. കൃഷിഭവൻ നൽകിയ 100 തൈകൾ നട്ടതിനു പുറമേ വീട്ടിൽ മുളപ്പിച്ച പപ്പായ ചുവടുകളും കൃഷിക്ക് ഉപയോഗിച്ചു. എല്ലാ തൈകളും നല്ല കായ്ഫലം നൽകി. ആകർഷകമായ വരുമാനമാണ് പപ്പായ കൃഷിയിലൂടെ നേടിയത്.
കാച്ചിൽ കൃഷിയും നേട്ടമായി. ഒരു കിലോ കാച്ചിൽ 100 രൂപ നിരക്കിലാണ് വിറ്റത്. ഒരു ചുവടിൽനിന്ന് 25 കിലോ കാച്ചിൽ വരെ കിട്ടി. കാച്ചിലും പപ്പായയും മാത്രം കൃഷി ചെയ്താലും നല്ല വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നാണ് വിജയന്റെ അനുഭവ സാക്ഷ്യം.
ഓണവിപണി മുന്നിൽ കണ്ടുള്ള കൃഷിയാണ് ഇത്തവണ നടത്തിയത്. സ്വർണമുഖി ഏത്തവാഴകളാണ് കൂടുതലായി നട്ടത്. എട്ടുപടല വരെയുള്ള കുലകൾ കിട്ടി. 30 കിലോ വരെ തൂക്കമുള്ള കുലകൾ ചൂടപ്പം പോലെയാണ് മാർക്കറ്റിൽ വിറ്റുപോയത്.
കരിക്ക് കൃഷിയിലും വിജയൻ മികവ് തെളിയിക്കുന്നു. സമൂഹത്തിനായി ഒരു കരുതൽ മനസിൽ വച്ചാണ് വിജയൻ കരിക്ക് കൃഷിയിൽ ശ്രദ്ധിക്കുന്നത്. കച്ചവടക്കാർക്ക് വിലയ്ക്കാണ് കരിക്ക് നൽകുന്നതെങ്കിൽ രോഗികളായവർക്ക് കരിക്ക് സൗജന്യമാണ്.
വിജയന് കൃഷിയോടുള്ള കമ്പം ചെറുപ്പം മുതലേ ഉള്ളതാണ്. കേരള ബാങ്കിൽ സീനിയർ മാനേജരായി ജോലി നോക്കുമ്പോഴും വിജയൻ കൃഷിയെ നെഞ്ചോടുചേർത്തു. ജോലിയുടെ ഇടവേളകൾ മുഴുവനും കൃഷിക്കായി നീക്കിവച്ചിരുന്നു. സർവിസിൽനിന്ന് വിരമിച്ചശേഷം മുഴുവൻ സമയ കർഷകനായി. കൃഷി നൽകുന്ന നല്ല പാഠങ്ങൾ യുവതലമുറയ്ക്ക് പകർന്ന് നൽകാനും വിജയൻ മനസ് വയ്ക്കുന്നു.
മണ്ണഞ്ചേരി കൃഷിഭവന്റെ മികച്ച കർഷകനുള്ള അവർഡ് ഇക്കൊല്ലം ലഭിച്ചത് വിജയനാണ്. പി.സി. വർഗീസ് ഫൗണ്ടേഷന്റെ മികച്ച കർഷകനുള്ള അവാർഡും വിജയനെ തേടിയെത്തി. പി.സി. വർഗീസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും കാഷ് അവാർഡും കാർഷിക മികവിനുള്ള അംഗീകാരമായി വിജയനാണ് ലഭിച്ചത്.