രജതജൂബിലിക്ക് വർണാഭമായ തുടക്കം
1596950
Sunday, October 5, 2025 3:43 AM IST
ചെങ്ങന്നൂർ: ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജതജൂബിലി ആഘോഷ പരിപാടികൾക്ക് വർണാഭമായ തുടക്കം. ചെറിയനാട് മാമ്പള്ളി പടി ജംഗ്ഷനിൽനിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്കു തുടക്കമായത്. കൊടിക്കുന്നിൽ സുരേഷ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ടി.സി. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേഷൻ മുഖ്യപ്രഭാഷണം നടത്തി. പ്രതിഭകളെ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലിം ആദരിച്ചു. ജനറൽ കൺവീനറും സ്കൂൾ പ്രിൻസിപ്പലുമായ എസ്. ജയന്തി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി. ഉണ്ണികൃഷ്ണൻ നായർ, ടി.എ. സ്വർണമ്മ, മനോജ് മോഹൻ, ജി. വിവേക്, ഒ.ടി. ജയമോഹൻ, എം. രജനീഷ്, ബിജു രാഘവൻ, അഡ്വ. ദിലീപ് ചെറിയനാട്, ഉണ്ണി മണ്ണാടിക്കൽ, കെ.ജി. മുരളി എന്നിവർ പ്രസംഗിച്ചു.
11ന് രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷനാകും. പതിനൊന്നു വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി നാടൻപാട്ട് ശില്പശാല, മോട്ടിവേഷൻ ക്ലാസ്, കാർഷിക സെമിനാർ, സാഹിത്യ സമ്മേളനം, വയലാർ അനുസ്മരണം, വിദ്യാഭ്യാസ സെമിനാർ എന്നിവ നടക്കുമെന്ന് പ്രിൻസിപ്പൽ എസ്. ജയന്തി, ഹെഡ്മിസ്ട്രസ് വി.എസ്. ലക്ഷ്മി, പിടിഎ. പ്രസിഡന്റ് ടി.സി. സുനിൽകുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി. ഉണ്ണികൃഷ്ണൻ നായർ എന്നിവർ പറഞ്ഞു.