കരാറുകാരന്റെ അനാസ്ഥ; തകഴി ആശുപത്രി റോഡ് തഥൈവ
1597502
Monday, October 6, 2025 11:31 PM IST
അമ്പലപ്പുഴ: നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന്, വർഷങ്ങളായി തകർന്നുകിടന്ന റോഡിന്റെ നിർമാണമാരംഭിച്ചെങ്കിലും മൂന്നുദിവസം കഴിഞ്ഞപ്പോൾ നിർമാണം നിലച്ചു. തകഴി ആശുപത്രി റോഡിന്റെ നിർമാണമാണ് പണമനുവദിച്ചിട്ടും കരാറുകാരൻ പൂർത്തിയാക്കാത്തത്.
ദൗത്യം പദ്ധതിയുടെ ഭാഗമായി മൂന്നുകോടി രൂപ ചെലവിൽ തകഴി കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം യാഥാർഥ്യമാകുകയാണ്. ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. എന്നാൽ, ആശുപത്രിയിലേക്ക് എത്താനുള്ള റോഡ് കുണ്ടും കുഴിയുമായി കാൽനടയാത്രയ്ക്കു പോലും സാധ്യമാകാത്ത തരത്തിൽ തകർന്നുകിടക്കുകയായിരുന്നു. വയോജനങ്ങളടക്കം നൂറിലേറെപ്പേർ നിത്യേന ചികിത്സതേടിയെത്തുന്ന ആശുപത്രിയിലേക്കുള്ള വഴി മഴപെയ്താൽ തെന്നിവീഴുന്ന സ്ഥിതിയായിരുന്നു. തകഴി റെയിൽവേ ഗേറ്റടച്ചാൽ സംസ്ഥാന പാതയിലെത്താനുള്ള ഏക മാർഗം കൂടിയാണ് ഈ റോഡ്.
ഇത് തകർച്ചയിലായിട്ട് പത്തു വർഷം പിന്നിടുകയാണ്. പ്രളയാനന്തര പുനർനിർമാണപദ്ധതിയിൽപ്പെടുത്തി 2.19 കോടി രൂപയുടെ രുപരേഖ തയാറാക്കി. ഇതു പ്രകാരം 2022 സെപ്റ്റംബറിൽ ആരംഭിച്ച നിർമാണ ജോലികളാണ് മൂന്നുകൊല്ലമായിട്ടും എങ്ങുമെത്താത്തത്. തകഴി, കരുമാടി, പടഹാരം പ്രദേശങ്ങളിലായി നാലു വാർഡുകളിലെ ജനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ യാത്രാമാർഗവും കൂടിയാണിത്.
കരാറുകാരന്റെ അനാസ്ഥയാണ് റോഡിന്റെ ഈയവസ്ഥയ്ക്ക് കാരണമായത്. ഏതാനും മാസം മുൻപ് എംഎൽഎയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നപ്പോൾ ഓഗസ്റ്റ് 15നകം നിർമാണം പൂർത്തിയാക്കാമെന്ന് കരാറുകാരൻ ഉറപ്പുകൊടുത്തിരുന്നു.
റോഡിനായി 2021ലെ തിരുവോണനാളിൽ ടാഗോർ കലാകേന്ദ്രം നിരാഹാരസമരവും 2024ൽ ദേശീയ മനുഷ്യാവകാശസമിതി ജനകീയസമരവും സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഒരുമാസം മുൻപ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ റോഡ് ഗതാഗതയോഗ്യമാക്കാനായി പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
തുടർന്ന് രണ്ടു ദിവസം പിന്നിട്ടപ്പോൾ റോഡു നിർമാണത്തിനു തുടക്കമായി. എന്നാൽ, ദിവസങ്ങൾ പിന്നിട്ടപ്പോൾ വീണ്ടും നിർമാണം നിലച്ചു. കരാറുകാരന് സർക്കാർ പണമനുവദിച്ചിട്ടും നിർമാണം നിലച്ച അവസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി. ഇതിൽ പ്രതിഷേധിച്ച് വീണ്ടും സമരത്തിനിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.