പ്രത്യാശയുടെ തീര്ഥാടകന് ഫ്രാന്‍സിസ് പാപ്പായ്ക്ക് പ്രണാമമര്‍പ്പിച്ച് ചങ്ങനാശേരി അതിരൂപത
1545423
Friday, April 25, 2025 11:53 PM IST
ചങ്ങനാശേരി: പ്രത്യാശയുടെ തീര്ഥാടകന് യശഃശരീരനായ ഫ്രാന്‍സിസ് പാപ്പായ്ക്ക് പ്രണാമമര്‍പ്പിച്ച് ചങ്ങനാശേരി അതിരൂപത. സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍പള്ളിയില്‍ നടന്ന വിശുദ്ധകുര്‍ബാനയ്ക്കും അനുസ്മരണ ശുശ്രൂഷകള്‍ക്കുംശേഷം പാരിഷ്ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.
ഈശോയുടെ വിനയവും സ്നേഹവും സ്വജീവിതത്തിലൂടെ ലോകത്തെ പഠിപ്പിച്ച ക്രിസ്തുശിഷ്യനാണ് ഫ്രാന്‍സിസ് പാപ്പായെന്ന് കാതോലിക്കാ ബാവ അനുസ്മരിച്ചു. ജീവിതത്തിന്റെ വ്യത്യസ്തമായ അനുഭവങ്ങളിലും പ്രതിസന്ധികളിലും ദൈവികകരുണയില്‍ ആഴമായി ആശ്രയിച്ച് ജീവിച്ച മഹാമനുഷ്യനായിരുന്നു പാപ്പായെന്നും അദ്ദേഹത്തെ രണ്ടുതവണ സന്ദര്‍ശിക്കാനും സഹോദര തുല്യമായ സ്നേഹം അനുഭവിക്കാനും തനിക്കു സാധിച്ചുവെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. ഈശോ എല്ലാവരുടേതുമാണെന്നും സഭ എല്ലാവരുടേതുമാകണമെന്നും പഠിപ്പിച്ച പാപ്പാ വിശാലമായ മാനവിക ദര്‍ശനങ്ങളുടെ ഉടമയായിരുന്നുവെന്നും ആര്‍ച്ച്ബിഷപ് അഭിപ്രായപ്പെട്ടു.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ത്തോമ്മാ സഭയുടെ പ്രതിനിധി ആര്‍ച്ച്ബിഷപ് മാത്യൂസ് മാര്‍ സെറാഫിം, യാക്കോബായ സഭാപ്രതിനിധി ആര്‍ച്ച്ബിഷപ് തിമോത്തിയോസ് മാര്‍ മാത്യൂസ്, സിഎസ്ഐ സഭാപ്രതിനിധി ബിഷപ് ഡോ. തോമസ് സാമുവല്‍, കുറിച്ചി അദ്വൈത വിദ്യാശ്രമം അംഗം സ്വാമി വിശാലാനന്ദ, പുതൂര്‍പള്ളി മുസ്ലിം ജമാ അത്ത് പ്രസിഡന്റ് ടി.പി. അബ്ദുള്‍ ഹമീദ്, അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തക്കാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. സ്കറിയ കന്യാകോണില്‍, പ്രൊക്യുറേറ്റര്‍ ഫാ. ആന്റണി മാളിയേക്കല്‍, ചാന്‍സലര്‍ ഫാ. ജോര്‍ജ് പുതുമനമൂഴിയില്‍, കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി. അതിരൂപതയിലെ വൈദികര്‍, സന്യസ്തര്‍, അത്മായപ്രതിനിധികള്‍ തുടങ്ങി വലിയ വിശ്വാസിസമൂഹം അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു.