ദേശീയപാതയിൽ അടിപ്പാത നിർമാണം: ഗതാഗത പരിഷ്കരണം യാത്രക്കാരെ വലയ്ക്കുന്നു
1545414
Friday, April 25, 2025 11:53 PM IST
കായംകുളം: ദേശീയപാതയില്‍ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത പരിഷ്കരണം യാത്രക്കാരെ വലയ്ക്കുന്നു. കായംകുളം ഒഎന്‍കെ ജംഗ്ഷനില്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്കരണമാണ് യാത്രക്കാര്‍ക്കു ദുരിതമായി തീര്‍ന്നിരിക്കുന്നത്.
അശാസ്ത്രീയമായ രീതിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പരിഷ്കാരം കാരണം അപകട പരമ്പരയാണ് ഇവിടെ നടക്കുന്നത്. കാര്‍ത്തികപ്പള്ളി, ആറാട്ടുപുഴ ഉള്‍പ്പെടുന്ന തീരദേശ റോഡുമായി ബന്ധിപ്പിക്കുന്ന ജംഗ്ഷന് എന്ന നിലയില്‍ ഒഎന്‍കെ ജംഗ്ഷനില്‍ നാലു ദിക്കുകളില്‍നിന്നു വാഹനങ്ങള്‍ എത്തും. ഇങ്ങനെ എത്തുന്ന വാഹനങ്ങളെ വ്യക്തമായ ആസൂത്രണമില്ലാതെയാണ് തിരിച്ചുവിടുന്നതെന്ന് തുടക്കം മുതല്‍ പരാതി ഉയര്‍ന്നിരുന്നു. തീരദേശ റോഡില്‍നിന്നും മാര്‍ക്കറ്റില്‍നിന്നും വാഹനങ്ങള്‍ നേരിട്ട് ദേശീയപാതയിലേക്കു കയറുന്ന വിധത്തില്‍ വരുത്തിയ ഗതാഗത മാറ്റമാണ് ഇവിടെ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്നാണ് പ്രധാന പരാതി.
ദേശീയപാതയില്‍ ഇരുദിശയില്നിന്നു തുടരെ വാഹനങ്ങള്‍ എത്തുന്നതിന്റെ മധ്യത്തിലേക്കാണ് ഇടറോഡുകളില്‍നിന്ന് വാഹനങ്ങള്‍ എത്തിപ്പെടുന്നത്. ഇതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമാകുന്നത്. ഇടറോഡുകളില്‍നിന്ന് എത്തുന്ന വാഹനങ്ങള്‍ ദേശീയപാതയുടെ ഇടതുവശത്തേക്ക് ആദ്യം തിരിച്ചുവിട്ട ശേഷം ദേശീയപാതയിലേക്കു കയറുന്ന വിധത്തില്‍ ഗതാഗത പരിഷ്കാരം ഏര്‍പ്പെടുത്തിയിരുന്നു എങ്കില്‍ വാഹനങ്ങള്‍ സ്ഥിരമായി അപകടത്തില്‍പ്പെടുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മറ്റു പല ജംഗ്ഷനുകളിലും അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി കുറ്റമറ്റ രീതിയിലാണ് പരിഷ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടെയും ഈ രീതി അവലംബിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
രണ്ട് സര്‍വീസ് പാലങ്ങള്‍ക്ക്
അനുമതി
കായംകുളം പാലത്തിന് സമാന്തരമായി രണ്ടു സര്‍വീസ് പാലങ്ങള്‍ക്ക് അനുമതി ലഭിച്ചു. ദേശീയപാതയില്‍ സര്‍വീസ് റോഡുകള്‍ നിര്മിക്കുന്നതിനായാണ് രണ്ടു സര്‍വീസ് പാലങ്ങള്‍ക്കു കൂടി അനുമതി ലഭിച്ചത്. ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ യു. പ്രതിഭ എംഎല്‍എയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കരിപ്പുഴ തോട്ടിലൂടെയുള്ള തോണിയാത്രയ്ക്കു തടസമുണ്ടാകാത്ത വിധത്തില്‍ പൊക്കമുള്ള രണ്ടു ചെറിയ പാലങ്ങളാണ് നിലവില്‍ നിര്‍മിക്കുന്ന പാലങ്ങള്‍ക്ക് ഇരുവശത്തുമായി നിര്‍മിക്കുക.