എമർജൻസി നമ്പരിൽ വിളിച്ച് പോലീസിനെ വട്ടംചുറ്റിച്ച യുവാവ് അറസ്റ്റിൽ
1545106
Friday, April 25, 2025 12:08 AM IST
കായംകുളം: എമർജൻസി നമ്പർ 112 ൽ വിളിച്ച് പോലീസിനെ വട്ടം ചുറ്റിച്ച യുവാവ് അറസ്റ്റിൽ. അമ്പലപ്പുഴ കരുമാടി പുത്തൻചിറയിൽ ധനീഷ് (33)ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം അർദ്ധരാത്രി 112 ൽ വിളിച്ച ധനീഷ് ഓച്ചിറയിലുള്ള ലോഡ്ജിൽ തന്നെ പൂട്ടി ഇട്ടിരിക്കുന്ന അവസ്ഥയിൽ ആണെന്ന് അറിയിച്ചു. ഉടൻ തന്നെ കൺട്രോൾ റൂമിൽനിന്ന് ഈ വിവരം അവർ കായംകുളം കൺട്രോൾ റൂം വാഹനത്തിനു കൈമാറുകയും നിമിഷ നേരത്തിനുള്ളിൽ കൺട്രോൾ റൂം വാഹനം അവിടെ എത്തുകയും ചെയ്തു. പരിശോധിച്ചപ്പോൾ ലോഡ്ജിന്റെ ഷട്ടർ അകത്തുനിന്നു പൂട്ടിയ അവസ്ഥയിൽ ആണെന്നു മനസിലാക്കി.
ലോഡ്ജിന്റെ ചുമതലക്കാരനെ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും നടക്കാതിരുന്നതിനെത്തുടർന്ന് ഉദ്യോഗസ്ഥർ അവിടെനിന്നു യുവാവിനെ ഫോണിൽ വിളിച്ചപ്പോൾ റൂമിൽതന്നെ ഉണ്ടെന്നു പറയുകയും ചെയ്തു. തുടർന്ന് പോലീസ് അഗ്നിരക്ഷാസേനയുടെ സഹായം തേടുകയും സ്ഥലത്തെത്തിയ അഗ്നി രക്ഷാസേന ഓഫീസർ ജയകുമാറിന്റെ നേതൃത്വത്തിൽ സംഘം പൂട്ട് അറുത്തു മാറ്റി അകത്തു കടന്നു പരിശോധിക്കുകയും ചെയ്തു.
എങ്കിലും ആരെയും കണ്ടെത്താൻ സാധിച്ചില്ല. വീണ്ടും 112 ൽ ഫോൺ വിളി എത്തിയതിനെ തുടർന്ന് അന്വേഷണം നടത്തിയ കായംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രതീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മറ്റൊരു ലോഡ്ജിൽനിന്നു ധനീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ധനീഷിനെതിരെ കായംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.