റോട്ടറി ക്ലബ്ബിന്റെ അധിനിവേശ സസ്യ നിര്‍മാര്‍ജന പദ്ധതി ഇന്ന് തുടങ്ങും
1545418
Friday, April 25, 2025 11:53 PM IST
ചേര്‍ത്തല: ചേര്‍ത്തല റോട്ടറി ക്ലബ്ബിന്റെ അധിനിവേശ സസ്യ നിര്‍മാര്‍ജന പദ്ധതി ഹരിതരക്ഷ 26 ന് പാതിരാമണലില്‍ തുടങ്ങും. പദ്ധതിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റോട്ടറി ക്ലബ് പ്രസിഡന്റ് സുമേഷ് ചെറുവാരണം, സെക്രട്ടറി വിനോദ് കുമാര്‍, മറ്റു ഭാരവാഹികളായ ബിനു ജോണ്‍, പി.എസ്. മനോജ്, ടി.കെ. അനിലാല്‍ കൊച്ചുകുട്ടന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ കാര്‍ഷികവിളകളെയും തനതു സസ്യജാലങ്ങളെയും നശിപ്പിക്കുകയും ആവാസ വ്യവസ്ഥ തകര്‍ക്കുകയും ചെയ്യുന്ന അധിനിവേശ സസ്യങ്ങളെ തുടച്ചു നീക്കുക എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.
പ്ലാസ്റ്റിക് നിര്‍മാര്‍ജനം, കണ്ടല്‍ ചെടികള്‍ നടല്‍, വിത്തുകള്‍ നടല്‍, ആയുര്‍വേദ സസ്യത്തോട്ടം നിര്‍മാണം, അധിനിവേശ സസ്യങ്ങളില്‍നിന്ന് കമ്പോസ്റ്റ് വളം നിര്‍മാണ പരിശീലനം എന്നിവയും പാതിരാമണലില്‍ നടപ്പാക്കും. കോളജ്-സ്കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കൃഷി വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെയും സഹകരണത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. 26ന് രാവിലെ എട്ടിന് മന്ത്രി പി. പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്യും. കായിപ്പുറം ജെട്ടിയില്‍ ചേരുന്ന സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് മുഖ്യാതിഥിയാകും. കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാര്‍ വിഷയം അവതരിപ്പിക്കും.