പൊന്തുവള്ളങ്ങളുടെ നിരോധന നീക്കത്തിനെതിരേ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ
1545114
Friday, April 25, 2025 12:09 AM IST
ചേര്‍ത്തല: തീരക്കടൽ കേന്ദ്രീകരിച്ച് പരിസ്ഥിതി സൗഹൃദ മത്സ്യബന്ധനം നടത്തുന്ന പൊന്തുവള്ളങ്ങളെ ടൂറിസത്തിന്റെ പേരിൽ നിരോധിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ. പൊന്തുവള്ളം മത്സ്യബന്ധനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ തീരഗ്രാമങ്ങളിൽ നടത്തുന്ന സായാഹ്നമാർച്ച് അന്ധകാരനഴിയിൽനിന്ന് ആരംഭിച്ചു.
പൊന്തുവള്ളങ്ങളുമായി അർത്തുങ്കൽ കടപ്പുറത്തുനിന്നാരംഭിച്ച രണ്ടാംഘട്ട സായാഹ്ന മാർച്ച് അർത്തുങ്കൽ ബസിലിക്ക റെക്ടർ ഫാ.യേശുദാസ് കാട്ടുങ്കൽതയ്യിൽ ഉദ്ഘാടനം ചെയ്തു. ഭരണകൂടങ്ങൾക്ക് ബാധ്യതയില്ലാതെ ഉപജീവനം നടത്തുന്നവരുടെ തൊഴിലും തൊഴിലിടവും സംരക്ഷിക്കുവാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഹാർബർ ഇല്ലാത്ത ജില്ലയായതിനാലാണ് പൊന്തുമത്സ്യബന്ധനം വ്യാപകമാകുന്നത്.
ലാഭകരമല്ലാത്ത മറ്റു ഹാർബറുകളെ ആശ്രയിക്കേണ്ട യന്ത്രവൽകൃത മത്സ്യബന്ധനത്തിൽനിന്നു മാറി ചിന്തിക്കുവാൻ മത്സ്യത്തൊഴിലാളികളെ പ്രേരിപ്പിച്ച ഘടകം പഠനവിധേയമാക്കണമെന്നും അർത്തുങ്കൽ ബസിലിക്ക റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ പറഞ്ഞു.
ജാക്സൺ പൊള്ളയിൽ, രാജു ആശ്രയം, ആന്റണി കുരിശുങ്കല്‍, അഡ്വ. നവിൻജീ നാദമണി, ബിപിൻദാസ് തോട്ടത്തിൽ, ജിജോ ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു. അർത്തുങ്കൽ കടപ്പുറത്തുനിന്ന് ആരംഭിച്ച മാർച്ചിന് ഷാജി പീറ്റർ, ഔസേപ്പ് പള്ളിക്കത്തയ്യിൽ, പ്രജുദമിയാൻ എന്നിവർ നേതൃത്വം നൽകി.