തൊഴിലുറപ്പു തൊഴിലാളികൾക്കു കൃത്യമായി വേതനം നൽക്കാത്ത മുഖ്യമന്ത്രിയെ വഴിയിൽ തടയും- കോൺഗ്രസ്
1545112
Friday, April 25, 2025 12:09 AM IST
അമ്പലപ്പുഴ: തൊഴിലുറപ്പു തൊഴിലാളികള്‍ക്കു കൃത്യമായി വേതനം നല്‍ക്കാത്ത മുഖ്യമന്ത്രിയെ വഴിയില്‍ തടയുമെന്നു കോണ്‍ഗ്രസ്. കഴിഞ്ഞ നാലുമാസമായി തൊഴിലുറപ്പു തൊഴിലാളികള്‍ക്കു വേതനം നല്‍കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി ദ്രോഹനടപടിക്കെതിരേ തൊഴിലുറപ്പു തൊഴിലാളി കോണ്‍ഗ്രസ് അമ്പലപ്പുഴ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുന്നപ്ര പോസ്റ്റോഫീസ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു.
അടിയന്തിരമായി വേതനം നല്‍കിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വഴിയില്‍ തടയുമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് വ്യക്തമാക്കി.
അമ്പലപ്പുഴ റീജിയണല്‍ പ്രസിഡന്റ് എം.എച്ച്. വിജയന് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.എ. ഹാമിദ്, ഐഎൻടിയുസി ജില്ലാജനറല്‍ സെക്രട്ടറി എം.വി. രഘു, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്. കണ്ണന്, എസ്. പ്രഭുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.