സാമൂഹ്യ വിരുദ്ധർ സ്കൂളിൽ വൻ നാശനഷ്ടം വരുത്തി
1545417
Friday, April 25, 2025 11:53 PM IST
മാന്നാർ: പത്താമുദയ രാത്രിയിൽ ബുധനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വ്യാപക നാശം വരുത്തിയതായി പരാതി. സ്കൂളിലെ ടാപ്പുകൾ തകർക്കുകയും ലക്ഷങ്ങൾ മുടക്കി നിർമിച്ച മിന്നാപാർക്ക് തല്ലിത്തകർക്കുകയും ചെയ്തു. സമീപ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ മറവിലാണ് സ്കൂൾ വളപ്പിൽ സാമൂഹ്യ വിരുദ്ധർ അതിക്രമിച്ച് കയറിയത്. ഇവർ സ്കൂളിലെ കുടിവെളള വിതരണത്തിനുള്ള പത്തോളം പൈപ്പ് ടാപ്പുകൾ ഒടിച്ചു നശിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ സമിതി വച്ചുപിടിപ്പിച്ച ഫലവൃക്ഷാദികൾ ഉൾപ്പെടെ ചെടികളും നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു. കുട്ടികളുടെ മൂത്രപ്പുരയുടെ വാതിൽ നശിപ്പിച്ചു. 10 ലക്ഷം രൂപ മുടക്കി നിർമിച്ച പ്രീ പ്രൈമറി വർണക്കൂടാരത്തിനു വേണ്ടിയുള്ള ബോർഡുകൾ, സ്കൂൾ നോട്ടീസ് ബോർഡ്, പോസ്റ്റർ എന്നിവയും നരിപ്പിച്ചു.
20 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് സാമൂഹ്യ വിരുദ്ധർ വരുത്തിയത്. സംഭവത്തിൽ പിടിഎ എക്സിക്യൂട്ടീവ് യോഗം കൂടി പ്രതിഷേധം രേഖപ്പടുത്തുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
കുറ്റക്കാരെ ഉടൻ പിടികൂടണമെന്ന് പിടിഎ യോഗം ആവശ്യപ്പെട്ടു. സ്കൂൾ ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.