എടത്വ പള്ളിയില്‍ പ്രദക്ഷിണയാത്ര പുണ്യദര്‍ശനത്തിന് തുടക്കം കുറിച്ചു
1545107
Friday, April 25, 2025 12:08 AM IST
എടത്വ: സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ ഈശോയുടെ മനുഷ്യാവതാരത്തിന്റെ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് മേടം തിരുനാളിന് ഒരുക്കമായി. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ രൂപവും വഹിച്ചുകൊണ്ട് വാര്‍ഡുകളിലൂടെയുള്ള പ്രദക്ഷിണം പുണ്യദര്‍ശനത്തിന് തുടക്കം കുറിച്ചു. ഇന്നലെ വൈകുന്നേരം 5.45 ന് എടത്വ പള്ളിയില്‍ നിന്നാരംഭിച്ച പ്രദക്ഷിണയാത്ര എടത്വ പള്ളിയുടെ കീഴില്‍ വരുന്ന 13 കരകളിലൂടെ സഞ്ചരിച്ച് 26ന് രാത്രിയോടെ തിരികെ എടത്വ പള്ളിയിലെത്തിച്ചേരും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് വാദ്യമേളങ്ങളും വെടിക്കെട്ടും ഒഴിവാക്കിയിട്ടുണ്ട്. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം ചരിത്രത്തില്‍ ആദ്യമായിട്ടാണ് എടത്വായിലെ 13 കരകളിലൂടെ രാജകീയ യാത്ര നടത്തുന്നത്.
പ്രദക്ഷിണയാത്ര ഫാ. കുര്യന് പുത്തന്‍പുര ഉദ്ഘാടനം നിര്‍വഹിച്ചു. തിരുനാള്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഫാ. അനീഷ് കാമിച്ചേരി, ഫാ. ബ്രിന്റോ മനയത്ത്, ഫാ. ജോസഫ് വെമ്പേനിക്കല്‍, കൈക്കാരന്മാരായ പി.എസ്. ടോമിച്ചന് പറപ്പള്ളി, കെ.എം. ജെയിംസ് കളത്തൂര്‍, വിന്‍സന്റ് തോമസ് പഴയാറ്റില്‍, ജനറല്‍ കണ്‍വീനര്‍ തോമസ് ജോര്‍ജ് ആലപ്പാട്ട് പറത്തറ, ജോയിന്റ് കണ്‍വീനര്‍മാരായ ജയിന് മാത്യു കറുകയില്‍, സെക്രട്ടറി ആന്‍സി മുണ്ടകത്തില്‍, പബ്ളിസിറ്റി കണ്‍വീനര്‍ സോജന് സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്കി.