അന്ധകാരനഴി മുതല്‍ പള്ളിത്തോട് വരെ കടല്‍ഭിത്തി നിര്‍മിക്കണം: കെ.സി.വേണുഗോപാല്‍ എംപി
1545115
Friday, April 25, 2025 12:09 AM IST
ആലപ്പുഴ: അന്ധകാരനഴി മുതല്‍ പള്ളിത്തോടുവരെയുള്ള തീരപ്രദേശത്ത് കടലാക്രമണ ഭീഷണി നേരിടാന്‍ കരിങ്കല്ലുകള്‍ ഉപയോഗിച്ചോ ട്രെട്രാപോഡ് സ്ഥാപിച്ചോ കടല്‍ഭിത്തി നിര്‍മിക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് എംപി കത്തു നല്കി.
ഏഴു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പ്രദേശത്തെ കടല്‍ഭിത്തി കാലങ്ങളായി തകര്‍ന്നനിലയിലാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു അറ്റകുറ്റപ്പണിയും നടന്നിട്ടില്ല. സംരക്ഷണ കടല്‍ഭിത്തി തകര്‍ന്നതിനാല്‍ ഈ ഭാഗത്തെ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ് തകര്‍ന്ന ഭാഗങ്ങളില്‍ പരിശോധന നടത്തി പലവട്ടം എസ്റ്റിമേറ്റുകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും ഒരു നിര്‍മാണ പ്രവര്‍ത്തനവും നടന്നില്ല.
പള്ളിത്തോട് കൈരളി സ്റ്റോപ്പ്, പാട്ടം സ്കൂള്‍, പ്രതിഭയ്ക്ക് പടിഞ്ഞാറ് തുടങ്ങിയ ഭാഗങ്ങളില്‍ കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്നു. ഇതുകാരണം കാലവര്‍ഷത്തില്‍ രൂക്ഷമായ കടലാക്രമണത്തിൽ വീടുകളില്‍ വെള്ളം ഇരച്ചെത്തുന്നതു പതിവാണ്. ഓരോ വര്‍ഷവും മണല്‍വാട നിര്‍മാണത്തില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നെങ്കിലും അതൊരു ശാശ്വത പരിഹാരമല്ല.
ജില്ലയുടെ അതിര്‍ത്തിയായ ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോടുവരെയുള്ള ഭാഗത്ത് ടെട്രാപാഡ് നിര്‍മാണം നടപ്പിലാക്കിയതുപോലെ തെക്കേ ചെല്ലാനം മുതല്‍ തെക്കോട്ടുള്ള ഭാഗങ്ങളിലും ശാശ്വത കടല്‍ഭിത്തി നിര്‍മാണം വേണമെന്നും വേണുഗോപാല്ആവശ്യപ്പെട്ടു.