ഹാർബർ ഓഫീസിനു മുന്നിൽ കഞ്ഞിവച്ചും കപ്പ പുഴുങ്ങിയും മത്സ്യത്തൊഴിലാളികൾ
1545415
Friday, April 25, 2025 11:53 PM IST
ചേര്‍ത്തല: അർത്തുങ്കൽ ഹാർബർ നിർമാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ ഹാർബർ എൻജിനിയറിംഗ് ഓഫീസിനു മുന്നിൽ മത്സ്യത്തൊഴിലാളികൾ നടത്തിവരുന്ന സത്യഗ്രഹം 30 ദിവസം പിന്നിട്ടിട്ടും നടപടിയാകാത്തതിൽ പ്രതിഷേധിച്ച് മത്സ്യതൊഴിലാളികള്‍ ഹാർബർ എൻജിനിയറിംഗ് ഓഫീസിനു മുന്നിൽ അടപ്പുകൾ കൂട്ടി കഞ്ഞിവച്ചും കപ്പ പുഴുങ്ങിയും പ്രതിഷേധിച്ചു.
ആയിരംതൈ പള്ളിക്കു മുന്നിൽനിന്നു പ്രകടനമായെത്തിയ പ്രതിഷേധസമരത്തില്‍ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ പങ്കെടുത്തു. പ്രതിഷേധ സമരം ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ ഉദ്ഘാടനം ചെയ്തു. 24 വർഷം പിന്നിട്ട ഹാർബർ നിർമാണത്തിന് 161 കോടി രൂപ ഖജനാവിൽ എത്തിയിട്ടും പുലിമുട്ടുകളുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കുന്നതിന് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഫയലുകൾ വൈകിക്കുന്നത് കൊച്ചിയിലെ മത്സ്യലോബിക്ക് വേണ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് രാജു ആശ്രയം, ജില്ലാ സെക്രട്ടറി ആന്റണി കുരിശുങ്കൽ, ജിജോ ഫ്രാൻസിസ്, ഷാജി പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു. ആയിരംപള്ളിക്കു മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ ജാഥ ആയിരംതൈ ലിറ്റിൽ ഫ്ലവർ പള്ളിവികാരി ഫാ. ജോസ് അറയ്ക്കൽ ഫ്ലാഗ് ഓഫ് ചെയ്തു.