ഹൈബ്രിഡ് കഞ്ചാവ് കേസ്: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും
1543423
Thursday, April 17, 2025 11:44 PM IST
പ്രതികള്‍ക്ക് സ്വര്‍ണക്കടത്ത് പെണ്‍വാണിഭ-സിനിമ മേഖലയുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘം
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ അനുവദിച്ചു. പ്രതികള്‍ക്ക് സ്വര്‍ണക്കടത്ത് പെണ്‍വാണിഭ സിനിമ മേഖലയുമായുള്ള ബന്ധത്തക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘം. ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിച്ച സുല്‍ത്താന്‍ അക്ബര്‍ അലിയുടെ വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ചാറ്റുകളില്‍നിന്ന് ആറു കിലോ കഞ്ചാവ് എത്തിച്ചെന്നാണ് എക്സൈസ് കണ്ടെത്തല്‍. ഇതില്‍ ജില്ലയിലേക്ക് കൊണ്ടുവന്ന മൂന്നു കിലോ മാത്രമാണ് പിടിച്ചെടുത്തത്. ബാക്കി മൂന്നു കിലോ എവിടെയാണ് വിതരണം ചെയ്തതെന്ന് കണ്ടെത്തണം.
മാത്രമല്ല ജില്ലയില്‍ ആര്‍ക്കാണ് കഞ്ചാവ് എത്തിച്ചതെന്നും വ്യക്തമല്ല. ഇതുള്‍പ്പെടെയുള്ള പ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് പ്രതികളെ തിങ്കളാഴ്ച മുതല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് എക്സൈസ് ആവശ്യപ്പെട്ടത്.
ആലപ്പുഴ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചു. പ്രത്യേക ചോദ്യാവലി തയാറാക്കിയാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യുക.
ഫോറെന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കണമെന്ന് എ ക്സൈസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേസിലെ പ്രതികളായ തസ്ലിമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, ഫിറോസ് എന്നിവരുടെ ഫോണുകള്‍ എക്സൈസ് കസ്റ്റഡിയില്‍ വാങ്ങി പരിശോധിച്ചു. നിര്‍ണായകമായ ചില ചാറ്റുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നത്. തുടര്‍ന്ന് പ്രതികള്‍ വെളിപ്പെടുത്തിയ സിനിമ നടന്മാരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യും. പ്രതികള്‍ എറണാകുളത്ത് താമസിച്ച ഹോട്ടലുകളിലെയും വാഹനം വാടകയ്ക്ക് എടുത്ത സ്ഥാപനത്തിലെയും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.