ത്യാഗസ്മരണയിൽ ഇന്ന് ദുഃഖവെള്ളി
1543416
Thursday, April 17, 2025 11:44 PM IST
ആലപ്പുഴ: യേശുവിന്റെ കുരിശുമരണത്തെയും അതിന്റെ ത്യാഗസ്മരണകളെയും ലോകമെമ്പാടും ആചരിക്കുന്ന പുണ്യദിനമായ ദുഃഖവെള്ളിയുടെ കർമങ്ങൾ ഇന്ന് ദേവാലയങ്ങളിൽ നടക്കും.
പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയില്‍ ഇന്ന് നഗരികാണിക്കല്‍ ചടങ്ങ് നടക്കും. പൂങ്കാവ് പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന കര്‍ത്താവിന്റെ പീഡാനുഭവ തിരുസ്വരൂപം വഹിച്ചുകൊണ്ട് പള്ളിയങ്കണത്തില്‍ നടത്തുന്ന വിലാപയാത്രയാണ് നഗരികാണിക്കല്‍.
തുടര്‍ന്ന് പ്രസിദ്ധമായ ഉരുള്‍ നേര്‍ച്ച നടക്കും. പെസഹാ വ്യാഴാഴ്ചത്തെ തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. സേവ്യര്‍ ചിറമേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പ്രസിദ്ധമായ ദീപുക്കാഴ്ചാ സമര്‍പ്പണം കെ.സി വേണുഗോപാല്‍ എംപി പ്രഥമ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പി.പി. ചിത്തരഞ്ജന് എംഎല്‍എ ചടങ്ങില്‍ പങ്കെടുത്തു.
ഇന്നു പുലര്‍ച്ചെ നാലുമുതല്‍ മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പള്ളിയില്‍ തുടര്‍ച്ചയായി കുരിശിന്റെ വഴി നടക്കും. തുടര്‍ന്ന് രണ്ടുവരെ പുത്തന്‍പാന, അമ്മാനം വായന തുടങ്ങിയ ചടങ്ങുകളും നടക്കും. പുലര്‍ച്ചെ അഞ്ചുമുതൽ രണ്ടുവരെ നേര്‍ച്ചക്കഞ്ഞി വിതരണം നടക്കും. നേര്‍ച്ചക്കഞ്ഞി വെഞ്ചിരിപ്പ് കൃപാസനം ഡയറക്ടര്‍ റവ.ഡോ. ജോസഫ് വലിയവീട്ടില്‍ നിര്‍വ്വഹിക്കും. വൈകുന്നേരം മൂന്നിന് പീഡാനുസ്മരണം, വചനപ്രഘോഷണ കര്‍മം, കുരിശാരാധന, ദിവ്യകാരുണ്യസ്വീകരണം എന്നിവ നടക്കും. ഫാ. ജോയി ജെ. ഒഎഫ്എം പീഡാനുഭവ പ്രസംഗം നടത്തും. എട്ടു മുതല്‍ നടക്കുന്ന കുരിശിന്റെ വഴിയില്‍ ഡോ ജോഷി മയ്യാറ്റില്‍ ധ്യാനപ്രസംഗം നടത്തും.
പഴവങ്ങാടി പള്ളിയിൽ
ആലപ്പുഴ: നൂറ്റാണ്ടുകളായി പഴവങ്ങാടി മാർ സ്ലീവാ തീർഥാടന പള്ളിയിൽ നടന്നുവരുന്ന ദുഃഖവെള്ളിയാഴ്ചയിലെ തിരുസ്വരൂപ നഗരികാണിക്കൽ ഇന്നു നടക്കും. നഗരികാണിക്കൽ ഇന്നു രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ വിശുദ്ധ കുർബാനയുടെ ആരാധന നടക്കും. വൈകുന്നേരം നാലിനാണ് ഇന്നത്തെ പ്രധാന ശുശ്രൂഷകൾ ആരംഭിക്കുന്നത്. രാത്രി 9ന് കബറടക്ക ശുശ്രൂഷയോടുകൂടെ തിരുക്കർമങ്ങൾ സമാപിക്കും. പീഡാനുഭവ ശുശ്രൂഷകൾക്ക് വികാരി ഫാ. സിറിയക് കോട്ടയിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. മണിലാൽ ക്രിസ്, ഫാ. യോഹന്നാൻ കട്ടത്തറ, ഫാ. മൈക്കിൾ വെട്ടുകല്ലേൽ എന്നിവർ നേതൃത്വം നൽകും.
മുട്ടം പള്ളിയിൽ
മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പെസഹ ദിനത്തിൽ ദിവ്യബലി മധ്യേ നടന്ന കാൽകഴുകൽ ശുശ്രൂഷയിൽ വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി, സഹവികാരി ഫാ.ബോണി കട്ടയ്ക്കകത്തൂട്ട് എന്നിവർ കാർമികത്വം വഹിച്ചു.
ഇന്നു രാവിലെ 6.30ന് പീഡാനുഭവ തിരുക്കർമങ്ങൾ തുടങ്ങും. ദിവ്യബലി, കുരിശുരൂപ വന്ദനം, വൈകുന്നേരം നാലിന് ആഘോഷമായ കുരിശിന്റെ വഴി, ഫാ.ജോഷി വാസുപുരത്തുകാരൻ പീഡാനുഭവ സന്ദേശം നൽകും. തുടർന്ന് നഗരം ചുറ്റി വിലാപയാത്ര, തിരുസ്വരൂപ വണക്കം, കബറടക്കം. നാളെ രാവിലെ 6.30ന് പുത്തൻ വെള്ളം വെഞ്ചരിപ്പ്, ദിവ്യബലി, രാത്രി 10.30ന് ഉ യിർപ്പ് കുർബാന.
പള്ളിപ്പുറം പള്ളിയിൽ
പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പെസഹാദിന കാൽകഴുകൽ ശുശ്രൂഷയ്ക്ക് വികാരി റവ.ഡോ. പീറ്റർ കണ്ണമ്പുഴ, സഹവികാരി ഫാ. അമൽ പെരിയപ്പാടൻ, റെസി. പ്രീസ്റ്റ് ഫാ.ജോസഫ് മക്കോതകാട്ട്, ഫാ. മാത്യു കൂട്ടുങ്കൽ, ഫാ. അഖിൽ തിരുത്തനത്തി എന്നിവർ കാർമികത്വം വഹിച്ചു.
ഇന്നു രാവിലെ 6.30ന് പീഡാനുഭവ വായന, വിശുദ്ധ കുർബാന സ്വീകരണം, ആഘോഷമായ കുരിശിന്റെ വഴി, വിശുദ്ധ കുരിശു ചുംബനം, നേർച്ചക്കഞ്ഞി വിതരണം. ഉച്ചകഴിഞ്ഞ് 3.30ന് നഗരികാണിക്കൽ. പള്ളിപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പരിഹാര പ്രദക്ഷിണമായി ഒറ്റപ്പുന്ന, തവണക്കടവ് വഴി പള്ളിപ്പുറം പള്ളിയിൽ എത്തിച്ചേരും. തുടർന്ന് പീഡാനുഭവ സന്ദേശം - ഫാ.ലിതിൻ തങ്കച്ചൻ.