തങ്കി പള്ളിയിൽ പതിനായിരങ്ങൾ
1543417
Thursday, April 17, 2025 11:44 PM IST
ചേർത്തല: ക്രിസ്തുവിന്റെ പീഡാനുഭവസ്മരണ ശുശ്രൂഷകളിൽ പങ്കെടുക്കാൻ പ്രസിദ്ധ തീർഥാടന കേന്ദ്രമായ തങ്കി ഫൊറോന പള്ളിയിൽ പതിനായിരങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു.
അദ്ഭുത പീഡാനുഭവ തിരുസ്വരൂപം തൊട്ടുവണങ്ങാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ പതിനായിരങ്ങളാണ് ഇന്നലെ മുതൽ പളളിയങ്കണത്തിൽ കാത്തുനിന്നത്. ഇന്നലെ രാത്രി 12ന് കൊച്ചി രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിലിന്റെയും കൊച്ചി രൂപത മുൻ ബിഷപ് ഡോ.ജോസഫ് കരിയിലിന്റെയും മുഖ്യ കാർമികത്വത്തിൽ ദേവാലയത്തിന്റെ വലതുഭാഗത്തെ ഗ്ലാസ് പേടകത്തിൽനിന്നു പ്രത്യേക പ്രാർഥനകളോടെ തിരുസ്വരൂപം പുറത്തിറക്കി പള്ളിയങ്കണത്തെ മുല്ലപ്പന്തലിൽ പ്രതിഷ്ഠിച്ചു. കൊച്ചി രൂപതയിലെ വിവിധ ദേവാലയങ്ങളിലെ വൈദികർ സഹകാർമികത്വം വഹിച്ചു. ഇന്ന് രാത്രി 12 വരെ പന്തലിൽ വിശ്വാസികൾക്ക് തിരുസ്വരൂപം തൊട്ടു വണങ്ങാം.
ഇന്നലെ വൈകുന്നേരം ദിവ്യബലിക്കും കാൽകഴുകൽ ശുശ്രൂഷയ്ക്കു ശേഷം നടന്ന മാനവമൈത്രീ ദീപക്കാഴ്ച കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ, കണ്ടമംഗലം ക്ഷേത്രസമിതി പ്രസിഡന്റ് അനിൽകുമാർ അഞ്ചംതറ, തങ്കിക്കവല മസ്ജിദ് കമ്മിറ്റിയംഗം എം.എ. കരിം, കിഴക്കേ കൊട്ടാരം ദേവസ്വം പ്രസിഡന്റ് ജയചന്ദ്രൻ കമലദളം എന്നിവർ പ്രസംഗിച്ചു.
ഇന്നലെ രാവിലെ നേർച്ചക്കഞ്ഞിക്ക് അരിയിടൽ ചടങ്ങ് അരൂർ എംഎൽഎ ദലീമ ജോജോ നിർവഹിച്ചു. നേർച്ചക്കഞ്ഞി വിതരണം ഇന്നു രാത്രി 12 വരെ തുടരും. പിടിയരി സമർപ്പണം, മലര് നേർച്ച, നേർച്ചപ്പായസം, പാച്ചോർ നേർച്ച എന്നിവയ്ക്ക് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇന്നു രാവിലെ മുതൽ കുരിശിന്റെ വഴി, 10ന് കല്ലറജപം, പുത്തൻ പാന, മൂന്നു മുതൽ പീഡാനുഭവ ശുശ്രൂഷകൾ. അഞ്ചിന് നഗരി കാണിക്കൽ പ്രദക്ഷിണം. രാത്രി 12ന് കബറടക്കം.