തങ്കി പള്ളിയില്‍ പീഡാനുഭവ സ്മരണയിൽ ദുഃഖവെള്ളി ആചരിച്ചു
1543713
Sunday, April 20, 2025 12:29 AM IST
ചേര്‍ത്തല: ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണാശുശ്രൂഷകളില് പങ്കെടുക്കാന്‍ തീര്‍ഥാടനകേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പതിനായിരങ്ങള്‍ എത്തി.
പെസഹാ വ്യാഴാഴ്ച രാത്രി 12ന് പള്ളിയില്‍ പ്രത്യേക കല്ലറയില്‍ സൂക്ഷിച്ചിരിക്കുന്ന അദ്ഭുത തിരുസ്വരൂപം ബിഷപ് ഡോ. ജോസഫ് കരിയിലും രൂപതയിലെ അനേകം വൈദികരും പ്രര്ഥാനാ ചടങ്ങുകള്‍ക്കുശേഷം മുല്ലപ്പൂപ്പന്തലില്‍ പൊതുവണക്കത്തിനായി കിടത്തിയപ്പോള്‍ മുതല്‍ നാടിന്റെ നാനാഭാഗത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും വിശ്വാസികള്‍ എത്തിക്കൊണ്ടിരുന്നു.
ദുഃഖവെള്ളിയാഴ്ച വൈകിട്ട് നടന്ന നഗരികാണിക്കലില്‍ നാനാജാതിമതസ്ഥര് പങ്കെടുത്തു. വിശ്വാസികള്‍ തളിര് വെറ്റില, വേപ്പില, പൂക്കള്‍ എന്നിവ വിതറി ആദരവ് പ്രകടിപ്പിച്ചു. പ്രദക്ഷിണവഴിയില്നിന്ന് ലഭിക്കുന്ന വെറ്റിലയും മറ്റും മാറാരോഗത്തിനുപോലും ഫലപ്രദമാണെന്നാണ് വിശ്വാസം.
അര്‍ധരാത്രിക്കുശേഷം നടന്ന കബറടക്കത്തിലും പങ്കെടുത്താണ് വിശ്വാസികള്‍ മടങ്ങിയത്. പീഡാനുഭവ ശുശ്രൂഷകള്‍ക്ക് വികാരി ഫാ. ജോര്‍ജ് എടേഴത്ത്, സഹവികാരിമാരായ ഫാ. സിബി കിടങ്ങേത്ത്, ഫാ. റിന്സന് കാളിയത്ത്, ഫാ. ലോബോ ലോറന്‍സ് ചക്രശേരി, ഫാ. നിഖില്‍ ജൂഡ് കിത്തോതറ എന്നിവരും വിവിധ റീത്തുകളിലെ വൈദികരും പങ്കെടുത്തു. ഇന്നലെ രാത്രി 11ന് ഉയര്‍പ്പ് ദിവ്യബലി, തീ, തിരി-വെള്ളം, പ്രദക്ഷിണം എന്നിവ നടന്നു.
എടത്വ പള്ളിയില്‍ നഗരികാണിക്കല്‍
എടത്വ: സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നഗരികാണിക്കലിലും തിരുസ്വരൂപ ചുംബനത്തിലും പങ്കെടുത്തത് നൂറുകണക്കിന് വിശ്വാസികള്‍. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അസി. വികാരിമാരായ ഫാ. കുര്യന് പുത്തന്‍പുര, ഫാ. ജോസഫ് കാമിച്ചേരി, ഫാ. സെബാസ്റ്റ്യന്‍ മനയത്ത്, ഫാ. സെബാസ്റ്റ്യന്‍ മഞ്ചേരിക്കളം, ഫാ. ജോസഫ് വേമ്പേനിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദുഃഖവെള്ളിയിലെ തിരുക്കര്‍മങ്ങള്‍ രാവിലെ ആറിന് ആരാധനയോടെയാണ് ആരംഭിച്ചത്. 2.30ന് വിവിധ വാര്‍ഡുകളില്‍ നിന്നുമുള്ള കുരിശിന്റെ വഴി പള്ളിയില്‍ എത്തിച്ചേര്‍ന്നു. 4.30ന് നഗരികാണിക്കലും തുടര്‍ന്ന് തിരുസ്വരൂപ ചുംബനവും നടന്നു.

കോക്കമംഗലം പള്ളിയിൽ പുതുഞായര്‍ തിരുനാള്‍
ചേര്‍ത്തല: ക്രിസ്തു ശിഷ്യനായ മാര്‍ത്തോമാശ്ലീഹാ സ്ഥാപിച്ച കോക്കമംഗലം മാര്‍ത്തോമാശ്ലീഹാ തീര്‍ഥാടന ദേവാലയത്തിലെ പുതുഞായര്‍ ദര്‍ശന തിരുനാള്‍ 21ന് തുടങ്ങും. തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പള്ളി വികാരി ഫാ. ആന്റണി ഇരവിമംഗലം, തിരുനാള്‍ കണ്‍വീനര്‍ മാത്യു കണ്ണാട്ട് കളം, വൈസ് ചെയര്മാന് തോമസ് മങ്കുഴിക്കരി, മറ്റ് ഭാരവാഹികളായ തോമസ് പേരെമഠം, സിജോ കണ്ടത്തില്‍, ജിജോ കര്‍ത്താനം എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 21ന് സമര്‍പ്പിത ദിനമായും 22ന് കുടുംബ ദിനമായും 23ന് പൂര്‍വിക സ്മൃതി ദിനമായും ആചരിക്കും.
ആരാധനാ ദിനമായ 24ന് രാവിലെ നടത്തുന്ന തിരുക്കര്‍മങ്ങള്‍ക്കും ദിവ്യകാരുണ്യ ആരാധന പ്രതിഷ്ഠയ്ക്കും മോണ്‍. ആന്റണി നരികുളം നേതൃത്വം നല്‍കും. വൈകുന്നേരം 4.30ന് പൊതു ആരാധന, പ്രദക്ഷിണം, തുടര്‍ന്ന് നടത്തുന്ന തിരുനാള്‍ കൊടിയേറ്റിന് വികാരി ഫാ. ആന്റണി ഇരവിമംഗലം മുഖ്യകാര്‍മികനാകും.
ഏഴിന് ഡ്രാമാസ്കോപ്പിക് ബൈബിള്‍ നാടകം. 25ന് രാവിലെ ഏഴിന് ദിവ്യബലി, വൈകുന്നേരം 5.45ന് ഇടവക ദിനാഘോഷം, വേസ്പര ദിനമായ 26ന് രാവിലെ ഏഴിന് ദിവ്യബലി, വൈകുന്നേരം 4.30ന് തിരി, തിരുസ്വരൂപം വെഞ്ചരിപ്പ്, ദിവ്യബലി, വേസ്പര, പ്രദക്ഷിണം. പുതുഞായര്‍ തിരുനാള്‍ ദിനമായ 27ന് രാവിലെ 6.30നും 10.30നും ദിവ്യബലി, വൈകുന്നേരം അഞ്ചിന് തിരുനാള്‍ പാട്ടുകുര്‍ബാന, ഏഴ് പൊന്കുരിശുകളുടെ അകമ്പടിയില്‍ തിരുനാള്‍ പ്രദക്ഷിണം, തുടര്‍ന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ. എട്ടാമിടമായ മേയ് നാലിന് രാവിലെ 6.30ന് ദിവ്യബലി.
പരുമല പള്ളിയിൽ
മാന്നാർ: പരുമല സെമിനാരിയില്‍ നടന്ന ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് ഡോ. ഏബ്രഹാം മാര്‍ സെറാഫിം പ്രധാന കാര്‍മികത്വം വഹിച്ചു. ദേവാലയത്തിനു ചുറ്റുമുള്ള പ്രദക്ഷിണത്തിലും സ്ലീബാ വന്ദനത്തിനും നൂറുകണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. പരുമല സെമിനാരി മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ്, ഫാ. ജെ. മാത്തുക്കുട്ടി എന്നിവര്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്കി.