കായംകുളം നഗരത്തിൽ പാന്‍മസാല കടകള്‍ പൊളിച്ചുനീക്കി
1543424
Thursday, April 17, 2025 11:44 PM IST
കായംകുളം: പാന്‍മസാല കടകളുടെ മറവില്‍ വ്യാപകമായി ലഹരി ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കായംകുളം പോലീസ് നഗരസഭയിലെ ആരോഗ്യ വിഭാഗവുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വന്ന 12 പാന്‍മസാല കടകള്‍ പൊളിച്ച് നീക്കം ചെയ്തു. ലഹരിമുക്ത കായംകുളം പദ്ധതിയുടെ ഭാഗമായാണ് നടപടി.
കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേല്‍നോട്ടത്തില്‍ സിഐ അരുണ്‍ ഷാ, എസ്ഐമാരായ സന്തോഷ്, മുഹമ്മദ് ബഷീര്‍, പോലീസുദ്യോഗസ്ഥരായ റിയാസ്, സജു, കായംകുളം മുനിസിപ്പല്‍ സെക്രട്ടറി സനില്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശ്രീകുമാര്‍, പബ്ലിക് ഇന്‍സ്പെക്ടര്‍ ഷിബു, ഹെല്‍ത്ത് വിഭാഗത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്.
വരുംദിവസങ്ങളില്‍ പഞ്ചായത്തുകളും മറ്റും കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്ന് കായംകുളം പോലീസ് അറിയിച്ചു.