ഈസ്റ്റർ പ്രത്യാശയുടെ തിരുനാൾ: ജോഷ്വാ മാർ ഇഗ്നാത്തിയോസ്
1543714
Sunday, April 20, 2025 12:29 AM IST
മാവേലിക്കര: ഈസ്റ്റർ പ്രത്യാശയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും തിരുനാളാണെന്നു മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്. മരണം ജീവിതത്തിന്റെ അവസാനമല്ലെന്നും നിത്യജീവിതത്തിലേക്കുള്ള കവാടമാണെന്നും ഈസ്റ്റർ ഓർമപ്പെടുത്തുന്നു.
കാരുണ്യം പാപത്തിനുമേലും നന്മ തിന്മയ്ക്കുമേലും സത്യം അസത്യത്തിനുമേലും ജീവിതം മരണത്തിനുമേലും വിജയം വരിച്ചു. ദൃശ്യമായതു മാത്രമാണ് യാഥാർഥ്യം എന്നും അദൃശ്യമായവ മിഥ്യയാണെന്നും ചിന്തിക്കുന്ന വർത്തമാന കാലഘട്ടത്തിൽ ഉയിർപ്പ് തിരുനാളിന് ഏറെ പ്രസക്തിയുണ്ട്. കലഹങ്ങളില്ലാത്ത, യുദ്ധങ്ങളില്ലാത്ത, ഭിന്നതകളില്ലാത്ത, അവസ്ഥയല്ല ഈ സമാധാനം. അതിനെല്ലാം ഉപരിയായി യേശു തന്നെയാണ് ഈ സമാധാനം.
പീഡനങ്ങൾക്കും സഹനങ്ങൾക്കും മധ്യേയാണ് യേശു നൽകുന്ന സമാധാനത്തെ നാം കണ്ടെത്തേണ്ടത്. ഈ സമാധാനത്തെക്കുറിച്ചു ധ്യാനിക്കാനും സമാധാനം സ്വന്തമാക്കാനും ഈസ്റ്റർ നമ്മെ ക്ഷണിക്കുന്നു. മനുഷ്യ ദൃഷ്ടിയിൽ പരാജയമെന്നും നിരാശാജനകമെന്നും അസമാധാനം വിതയ്ക്കുന്നതെന്നും തോന്നിച്ച യേശുവിന്റെ മരണം ഉത്ഥിതന്റെ പ്രത്യാശയിലേക്കും സന്തോഷത്തിലേക്കും സമാധാനത്തിലേക്കുമാണ് നമ്മെ നയിച്ചതെന്നും ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.