തിരുവാഭരണ മോഷണം: കീഴ്ശാന്തി പിടിയില്‍
1543421
Thursday, April 17, 2025 11:44 PM IST
അരൂര്‍: എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ സംഭവത്തില്‍ കീഴ് ശാന്തിയെ അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഈസ്റ്റ് കല്ലട രാം നിവാസില്‍ രാമചന്ദ്രന് പോറ്റിയാണ് (42) പിടിയിലായത്. ഇയാളില്‍നിന്നു തിരുവാഭരണത്തിലെ കിരീടം പോലീസ് കണ്ടെടുത്തു. ഈ മാസം പതിനാലിനാണ് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണം മോഷണംപോയത്. അതോടൊപ്പം കീഴ്ശാന്തിയെയും കാണാതായി. തുടര്‍ന്നാണ് ക്ഷേത്ര കമ്മിറ്റി അരൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസിന് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്മിറ്റിക്കാരുടെ കൈയില്‍ ഇല്ലാത്തത് കൂടുതല്‍ തലവേദനയായി. അടുത്ത ദിവസം ബാക്കിയുള്ള ആഭരണങ്ങള്‍ പരിശോധിച്ചപ്പോള്‍ അത് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത് പോലീസിനെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കി. അന്വേഷണത്തിനിടെ പ്രതി എറണാകുളം ജില്ല വിട്ട് പോയിട്ടില്ല എന്ന് ബോധ്യമായതിനെത്തുടര്‍ന്ന് എറണാകുളത്തെത്തി തെരച്ചില്‍ തുടരുകയായിരുന്നു.
രണ്ടുദിവസത്തെ എറണാകുളത്തെ തുടര്‍ച്ചയായ തെരച്ചിലിനൊടുവില്‍ പ്രതിയെ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിനു അടുത്തുള്ള ശിവക്ഷേത്രത്തിനു സമീപത്തുനിന്നു പിടികൂടി. അതിനിടെ ഇയാള്‍ തേവര ഫെഡറല്‍ ബാങ്കില്‍ സ്വര്‍ണം പണയം വച്ചതായി പോലീസ് കണ്ടെത്തി.
പണം മുഴുവനും ഇയാള്‍ ഷെയര്‍ ട്രേഡിംഗില്‍ മുടക്കിയതായും പിന്നീട് സൂചന ലഭിച്ചു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.