മന്ത്രി ഇടപെട്ടത് തുണയായി, കൊയ്ത്തു യന്ത്രമിറങ്ങാൻ വഴിയായി
1541245
Thursday, April 10, 2025 12:00 AM IST
മാന്നാർ: പാടത്തേക്ക് കൊയ്ത്ത് യന്ത്രം ഇറക്കാൻ വഴിയില്ലാതെ ആശങ്കയിലായ നെൽകർഷകർക്ക് ആശ്വാസമായി മന്ത്രി സജി ചെറിയാന്റെ ഇടപെടൽ. മുക്കം-വാലേൽ ബണ്ട് റോഡിൽനിന്നു പാടത്തേക്കുള്ള റാമ്പിന്റെ നിർമാണം പാതി വഴിയിൽ നിലച്ചതോടെ കൊയ്ത്ത് യന്ത്രം പാടത്തേക്ക് ഇറക്കാൻ വഴിയില്ലാതെ ആശങ്കയിൽ കഴിഞ്ഞിരുന്ന മാന്നാർ കുരട്ടിശേരി പുഞ്ചയിലെ നാലുതോട് പാടശേഖരത്തിലെ നെൽകർഷകർക്കാണ് മന്ത്രി സജി ചെറിയാന്റെ ഇടപെടൽ തുണയായത്.
മുക്കം-വാലേൽ ബണ്ട് റോഡിലെ മീൻ കുഴിവേലി കലുങ്കിന്റെ കിഴക്ക് ഭാഗത്ത് ഒന്നും പടിഞ്ഞാറു ഭാഗത്ത് നാലും ഉൾപ്പെടെ അഞ്ചു റാമ്പുകളാണ് നിർമിച്ചിരിക്കുന്നത്. ഈ റാമ്പുകളുടെ കോൺക്രീറ്റിംഗ് കഴിഞ്ഞെങ്കിലും റോഡ് ലെവലിൽനിന്നു ഏറെ ഉയരത്തിലാണ് റാമ്പിന്റെ കൽക്കെട്ടുകളുള്ളത്.
ഇതിനാൽ കൊയ്ത്ത് യന്ത്രം ഇറക്കാൻ വഴിയില്ലാതെ കർഷകർ ആശങ്കയിലായിരുന്നു. കർഷകരുടെ ആശങ്ക ശ്രദ്ധയിൽപ്പെട്ടതോടെ മന്ത്രി സജി ചെറിയാന്റെ ഓഫീസിൽനിന്നു നെൽകർഷകരെയും കൃഷി ഓഫീസുമായും ബന്ധപ്പെട്ട് നിജസ്ഥിതി അന്വേഷിച്ച് അടിയന്തര പരിഹാരം ഉടൻ ഉണ്ടാകുമെന്ന് അറിയിക്കുകയായിരുന്നു. ബണ്ട് റോഡിൽനിന്നു പാടത്തേക്കുള്ള റാമ്പിന്റെ ഭാഗം മണ്ണിട്ടുയർത്തി റോഡും റാമ്പും ഒരേ ലെവലിൽ എത്തിക്കുന്നതിന് കരാറുകാരന് നിർദേശം നൽകി.
തുടർന്ന് തൊഴിലാളികളെത്തി മണ്ണിറക്കി ലെവൽ ചെയ്ത് കൊയ്ത്ത് യന്ത്രം ഇറക്കാൻ വഴിയൊരുക്കി.
കർഷകരുടെ ആശങ്ക പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തിയ മന്ത്രി സജി ചെറിയാന് നാലുതോട് പാടശേഖരസമിതി നന്ദി അറിയിച്ചു.