മെമുവില്‍ യാത്ര ദുഃസഹം; അധിക കോച്ചുകള്‍ നടപ്പായില്ല
1541244
Thursday, April 10, 2025 12:00 AM IST
ആലപ്പുഴ: തീരദേശപാതയിലെ യാത്രാദുരിതം പരിഹരിക്കാന്‍ ഇതുവഴിയുള്ള മെമു ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചെങ്കിലും നടപ്പായില്ല. പല ദിവസവും കോച്ചുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. വേണ്ടത്ര കോച്ചുകളില്ലാത്തതിനാല്‍ മെമുവില്‍ തിങ്ങിനിറഞ്ഞാണു യാത്ര. കെ.സി. വേണുഗോപാല്‍ എംപി റെയില്‍വേ മന്ത്രിയും ബോര്‍ഡ് ചെയര്‍മാനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് അധിക കോച്ചുകള്‍ അനുവദിച്ചത്.
എന്നാല്‍, അധിക കോച്ചുകള്‍ സര്‍വീസിന് എത്തിയില്ലെന്നു മാത്രമല്ല, നിലവിലുള്ള 12 കോച്ചുകള്‍ വെട്ടിക്കുറച്ചു. ചില ദിവസങ്ങളില്‍ 8 കോച്ചുമായാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നതെന്നു യാത്രക്കാര്‍ പറയുന്നു. ആലപ്പുഴ-എറണാകുളം (66314), കൊല്ലം- ആലപ്പുഴ (66312), എറണാകുളം- ആലപ്പുഴ (66313), ആലപ്പുഴ -കൊല്ലം (66311) മെമു ട്രെയിനുകളില്‍ ഇപ്പോള്‍ 12 കോച്ച് മാത്രമാണുള്ളത്. നാലെണ്ണം കൂടിയാണ് അനുവദിച്ചത്.
ഇതു പ്രഖ്യാപനത്തില്‍ ഒതുങ്ങി. രാവിലെ 7.25ന് ഇവിടെനിന്ന് എറണാകുളത്തേക്കുള്ള മെമുവില്‍ യാത്രക്കാര്‍ തിങ്ങിഞെരുങ്ങിയാണു പോകുന്നത്. വൈകിട്ടും ഇതേ അവസ്ഥ തന്നെ. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്നതും ഏറെ തിരക്കുള്ളതുമാണ് ആലപ്പുഴ വഴിയുള്ള മെമു സര്‍വീസ്.