കോണ്‍ഗ്രസില്‍ കൂട്ട നടപടി; അഞ്ച് മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടു
1541243
Thursday, April 10, 2025 12:00 AM IST
ആലപ്പുഴ: എഐസിസി സെക്രട്ടറി പങ്കെടുത്ത കോണ്‍ഗ്രസ് നിയമസഭാ മണ്ഡലം ജനറല്‍ ബോഡി യോഗത്തില്‍നിന്നു വിട്ടുനിന്ന അഞ്ച് മണ്ഡലം പ്രസിഡന്റു മാര്‍ക്കെതിരേ അച്ചടക്കനടപടി. ഇവര്‍ പ്രസിഡന്റായുള്ള മണ്ഡലം കമ്മിറ്റികള്‍ ഡിസിസി പിരിച്ചുവിട്ടു.
കായംകുളം നിയമസഭാ മണ്ഡലത്തിലെ ചെട്ടികുളങ്ങര, പത്തിയൂര്‍, പത്തിയൂര്‍ വെസ്റ്റ്, കണ്ടല്ലൂര്‍ നോര്‍ത്ത് മാവേലിക്കര നിയമസഭാ മണ്ഡലത്തിലെ പാലമേല്‍ വെസ്റ്റ് മണ്ഡലം കമ്മിറ്റികളാണു പിരിച്ചുവിട്ടത്. ഫെബ്രുവരി 28നാണ് എഐസിസി സെക്രട്ടറി വി.കെ. അറിവഴകന്റെ സാന്നിധ്യത്തില്‍ രണ്ടു നിയമസഭാ മണ്ഡലം കമ്മിറ്റി ജനറല്‍ ബോഡികളും നടത്തിയത്.
മണ്ഡലം പ്രസിഡന്റുമാര്‍, നിയമസഭാ മണ്ഡലത്തിലെ ബ്ലോക്ക്, ഡിസിസി, കെപിസിസി ഭാരവാഹികള്‍ എന്നിവരാണ് പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍, മണ്ഡലം പ്രസിഡന്റുമാരായ ബെന്നി ജോര്‍ജ് (ചെട്ടികുളങ്ങര), സുരേഷ് ആമ്പക്കാട് (പത്തിയൂര്‍), രാജീവ് വലിയത്ത് (പത്തിയൂര്‍ വെസ്റ്റ്), സുജിത്ത് കൊപ്പേറേത്ത് (കണ്ടല്ലൂര്‍ നോര്‍ത്ത്), ശിവപ്രസാദ് (പാലമേല്‍ വെസ്റ്റ്) എന്നിവര്‍ യോഗത്തിനെത്തിയില്ല.
ഡിസിസി അയച്ച കാരണം കാണിക്കല്‍ നോട്ടിസിനു അഞ്ചു പേരും മറുപടിയും നല്‍കിയില്ല. തുടര്‍ന്നാണ് അച്ചടക്ക നടപടിയെടുത്തതെന്നു ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് അറിയിച്ചു. പാലമേല്‍ വെസ്റ്റ് മണ്ഡലം പ്രസിഡന്റായി ശ്രീനി പണയിലിനെ നിയമിച്ചു. മറ്റു നാലു മണ്ഡലങ്ങളില്‍ ഡിസിസി ഭാരവാഹികള്‍ക്കു ചുമതല നല്കി.