കരാറുകാരനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ്: രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ
1541240
Thursday, April 10, 2025 12:00 AM IST
കായംകുളം: ചേരാവള്ളിയിൽ റെയിൽവേ കരാർ പണിക്കായി വന്ന തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച് ലക്ഷങ്ങൾ കവർന്ന കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. ചേരാവള്ളി ഷിഫാനാ മൻസിലിൽ നബീൽ ( ഉക്കാഷ് -21), ചേരാവള്ളി കളീക്കൽ പുത്തൻവീട്ടിൽ സൂഫിയാൻ (24) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ എട്ടും ഒമ്പതും പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
തമിഴ്നാട് കന്യാകുമാരി സ്വദേശീയായ ചേരാവള്ളിയിൽ വാടകയ്ക്ക് താമസിച്ചുവരുന്ന വൈസിലിനെയാണ് പ്രതികൾ ചേരാവള്ളിയിലെ വാടക വീട്ടിൽനിന്നു തട്ടിക്കൊണ്ടു പോയത്. കത്തികൊണ്ട് മുറിവേൽപ്പിച്ചശേഷം പഴ്സ് തട്ടിയെടുക്കുകയും മൊബൈൽ ഫോൺ ബലമായി പിടിച്ചുവാങ്ങി ഭീഷണിപ്പെടുത്തി പിൻ നമ്പർ വാങ്ങി ലക്ഷങ്ങൾ അക്കൗണ്ടിൽനിന്നു പിൻ വലിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്.
കുറ്റകൃത്യം നടത്തിയ ശേഷം ഒളിവിലായിരുന്ന ഇവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ ആറു പ്രതികളെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐമാരായ രതീഷ് ബാബു, ആനന്ദ്, സന്തോഷ്, പോലീസ് ഉദ്യോഗസ്ഥനായ ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.