ആർഎസ്എസ് ആസ്ഥാനത്തുനിന്നുള്ള നിര്ദേശം രാജ്യത്ത് നടപ്പാക്കുന്നു: എം.എ. ബേബി
1541239
Thursday, April 10, 2025 12:00 AM IST
ചേർത്തല: നാഗ്പുരിൽ ആർഎസ്എസിന്റെ ആസ്ഥാനത്ത് നിന്നും നൽകുന്ന നിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്ന നരേന്ദ്രമോദിയെയും അമിത് ഷായുടെയും മതനിരപേക്ഷിത- ജനാധിപത്യ വിരുദ്ധവും ഭരണഘടന മൂല്യങ്ങളെ തല്ലിക്കെടുത്തുന്ന ഭരണത്തിനും അന്ത്യം കുറിക്കാൻ കഴിയണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു.
വയലാർ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം നടന്ന സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വത്തെയും ഫെഡറൽ സാമ്പത്തിക ബന്ധങ്ങളെയെല്ലാം തകർത്ത് കൊണ്ടിരിക്കുന്ന ബിജെപി, സഹകരിക്കാത്ത സംസ്ഥാനങ്ങളെയെല്ലാം ഗവർണർമാരെ ഉപയോഗിച്ച് കടന്നാക്രമിക്കുന്ന നയമാണ് ഇപ്പോൾ നടക്കുന്നത്.
ഇതിനെതിരേ പ്രതികരിക്കുക എന്നതാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒന്നാമത്തെ കടമ. ഒരു സിനിമയിലെ പരാമർശം കണിക്കിലെടുത്ത് ആ സിനിമയിലെ ബന്ധപ്പെട്ടവരെയെല്ലാം വേട്ടയാടുന്ന സമീപനം വരെ ഫാസിസ്റ്റ് സ്വഭാവമുള്ള കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു. നവ ഫാസിസ്റ്റ് സ്വഭാവമുള്ള കേന്ദ്ര സർക്കാരിനെതിരേ പേരാട്ടം ശക്തിപ്പെടണമെങ്കിൽ സിപിഎം സ്വാധീനം വർധിപ്പിക്കണം.
സ്വാധീനമുണ്ടായിരുന്ന ബംഗാളിലും ത്രിപുരയിലും തിരിച്ചടി ഉണ്ടായിട്ടുണ്ടെന്ന യാഥാർഥ്യം അംഗീകരിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. ആ തിരിച്ചടിയ്ക്കു പരിഹാരമുണ്ടാക്കാൻ കഴിയണം. കേരളത്തിൽ ഇനിയും തുടർഭരണത്തിന് സാധ്യതയുണ്ട്. പുന്നപ്രയിലെയും വയലാറിലെയും മേനാശേരിയിലെയും പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ജനങ്ങളുമായി ഉറച്ച ബന്ധം സ്ഥാപിച്ചാൽ തുടർഭരണം സാധ്യമാണെന്നും എം.എ. ബേബി പറഞ്ഞു.
ഇന്നലെ വൈകുന്നേരം അഞ്ചിനാണ് വയലാർ രക്തസാക്ഷിമണ്ഡപത്തിൽ എം.എ. ബേബി എത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ, കെ. പ്രസാദ്, എ.എം. ആരിഫ്, എ. മഹീന്ദ്രൻ, എ.എച്ച്. ബാബുജാൻ, എൻ.പി. ഷിബു, ബി. വിനോദ് എന്നിവരും പങ്കെടുത്തു.