സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ജി. സുധാകരനെ സന്ദർശിച്ചു
1541238
Thursday, April 10, 2025 12:00 AM IST
അമ്പലപ്പുഴ: സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി മുതിർന്ന നേതാവ് ജി. സുധാകരനെ സന്ദർശിച്ചു. ജി. സുധാകരന്റെ പുന്നപ്രയിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം.
സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ആലപ്പുഴയിലെത്തിയ എം.എ. ബേബി ഭാര്യക്കൊപ്പമാണ് ജി. സുധാകരനെ സന്ദർശിച്ചത്. ജി. സുധാകരനും ഭാര്യ ജൂബിലി നവപ്രഭയും ചേർന്ന് എം.എ. ബേബിയെ സ്വീകരിച്ചു. പിന്നീട് ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. എം. എ. ബേബിക്ക് ജി. സുധാകരൻ വിപ്ലവാശംസകളും അഭിനന്ദനങ്ങളും നേർന്നു. ബേബിയുമായി ഒരിക്കലും മുറിഞ്ഞുപോകാത്ത ബന്ധമാണെന്ന് ജി. സുധാകരൻ പറഞ്ഞു.
പ്രായപരിധി കാരണം ചില സഖാക്കൾ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിഞ്ഞിട്ടുണ്ടെന്ന് എം. എ. ബേബി പറഞ്ഞു. എന്നാലവർ അനൗദ്യോഗികമായി പാർട്ടിയിൽ സജീവമാണ്. പാർട്ടി കോൺഗ്രസിൽ ചില നിർണായക തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും എം.എ. ബേബി പറഞ്ഞു.
പാർട്ടി പ്രവർത്തനത്തിന് പ്രായപരിധി നിശ്ചയിച്ചതിനെതിരേ നേരത്തെ ജി. സുധാകരൻ രംഗത്തുവന്നിരുന്നു. പ്രായപരിധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഇതിനുശേഷം പ്രതികരണം തേടിയ മാധ്യമങ്ങളോട് പാർട്ടി കോൺഗ്രസ് തീരുമാനിച്ച കാര്യത്തിൽ ഇനി അഭിപ്രായം പറയുന്നില്ല എന്നായിരുന്നു സുധാകരന്റെ മറുപടി. ജില്ലാ സെക്രട്ടറി ആർ. നാസറും ബേബിക്കൊപ്പം ഉണ്ടായിരുന്നു.