കരുവള്ളിക്കാട് കുരിശുമലയിലേക്ക് നാല്പതാം വെള്ളി തീർഥാടനം നാളെ
1541236
Thursday, April 10, 2025 12:00 AM IST
ചുങ്കപ്പാറ: ചങ്ങനാശേരി അതിരൂപതയുടെ കുരിശുമല തീർഥാടന കേന്ദ്രമായ നിർമലപുരം കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമലയിലേക്ക് നാല്പതാം വെള്ളിയായ നാളെ പ്രധാന തീർഥാടനം നടക്കും. രാവിലെ 8.30ന് കുരിശുമലയിൽ ഫാ. ജോസഫ് മാമ്മൂട്ടിൽ വിശുദ്ധ കുർബാന അർപ്പിക്കും
ഉച്ചകഴിഞ്ഞ് 2.45ന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽനിന്ന് സംയുത കുരിശിന്റെ വഴിക്ക് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ സന്ദേശം നൽകും. സെന്റ് ജോർജ് പള്ളി വികാരി ഫാ. എബി വടക്കുംതല സ്വാഗതവും ഫാ. മാത്യു താന്നിയത്ത് ആമുഖ പ്രാർഥനയും നടത്തും.
ആർച്ച്ബിഷപ് മാർ തോമസ് തറയിലിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കുരിശുമല തീർഥാടനത്തിൽ വൈദികരും സന്യസ്തരും അടക്കം ആയിരങ്ങൾ പങ്കെടുക്കും. സ്ലീവാപ്പാതയ്ക്കുള്ള കുരിശ് പ്രത്യാശയുടെ 300 ദീപങ്ങൾ തെളിയിക്കാനുള്ള കത്തിച്ച മെഴുകുതിരി എന്നിവ നെടുങ്കുന്നം, മണിമല ഫൊറോന കൗൺസിൽ സെക്രട്ടറിമാർ സ്വീകരിക്കും.
വിശുദ്ധ കുരിശിന്റെ തീർഥയാത്ര മലമുകളിൽ എത്തുന്പോൾ വികാരി ജനറാൾ ഫാ. ആന്റണി ഏത്തക്കാട്ട് സന്ദേശം നൽകും. മലമുകളിൽ സ്ഥാപിച്ചിരിക്കുന്ന കൽക്കുരിശിനു ചുറ്റും സ്ഥാപിച്ചിരിക്കുന്ന ചിരാതുകളിൽ നേർച്ച എണ്ണ വിശ്വാസികൾക്ക് സൗകര്യം ഉണ്ടായിരിക്കും. ചുങ്കപ്പാറ ലിറ്റിൽ ഫ്ലവർ ദേവാലയ ഇടവകാംഗങ്ങൾ വികാരി ഫാ. റ്റോണി മണിയഞ്ചിറയുടെ നേതൃത്വത്തിൽ നേർച്ചക്കഞ്ഞി വിതരണം നടത്തും. 12ന് ഉച്ചകഴിഞ്ഞും തീർഥാടന സൗകാര്യം ഉണ്ടാകും. ഫാ. ജയിംസ് പി. കുന്നത്ത് സമാപന സന്ദേശം നൽകും.
14ന് ഉച്ചകഴിഞ്ഞ് മലമുകളിലേക്ക് തീർഥാടനവും 5.30ന് മലമുകളിൽ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് തീർഥാടനവും അഞ്ചിന് മലമുകളിൽ മലങ്കര റീത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ഫാ. എബി വടക്കുംതല കാർമികത്വം വഹിക്കും. 16ന് 3.30ന് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിൽ മലമുകളിലേക്ക് തീർഥാടനവും സമാപന ആശീർവാദവും ഉണ്ടായിരിക്കും.
19നു രാവിലെ 7.30ന് വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോൺസൺ കാരാട്ട് കാർമികത്വം വഹിക്കും. 27നു പുതുഞായർ തിരുനാളോടെയാണ് തീർഥാടനത്തിനു സമാപനം കുറിക്കുന്നത്. കുർബാനയ്ക്ക് ഫാ. ജയിംസ് മാളിയേക്കൽ കാർമികത്വം വഹിക്കും. ഫാ. ജേക്കബ് വട്ടയ്ക്കാട്ട് സന്ദേശം നൽകും. തീർഥാടനം ഭക്തിനിർഭരമാക്കുന്നതിന് തീർഥാടന കേന്ദരം വികാരി ഫാ. മോബൻ ചൂരവടിയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ക്രമീകരണങ്ങൾ നടത്തിവരുന്നു.