കര്‍ഷകരെ അവഗണിച്ച് മുന്നോട്ടുപോകാമെന്ന് കരുതേണ്ടെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
1541234
Thursday, April 10, 2025 12:00 AM IST
ചങ്ങനാശേരി: കര്‍ഷകരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമാന ചിന്താഗതിയുള്ള സംഘടനകളെ ഏകോപിപ്പിച്ച് സെക്രട്ടേറിയറ്റിനു മുമ്പിലടക്കം സമരം ചെയ്യുമെന്ന് സര്‍ക്കാരിനു മുന്നറിയിപ്പു നല്കി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ്.
ചുട്ടുപൊള്ളുന്ന വെയിലും കോരിച്ചൊരിയുന്ന മഴയും വകവയ്ക്കാതെ പാടത്ത് അന്നം വിളയിച്ച് നാടിനെ തീറ്റിപ്പോറ്റുന്ന കര്‍ഷക ജനതയെ അവഗണിച്ചാല്‍ തെരുവിലിറങ്ങുന്നതിനു മടിയില്ലെന്നും ചങ്ങനാശേരി കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണയെ അഭിസംബോധന ചെയ്ത നേതാക്കള്‍ പറഞ്ഞു. കുട്ടനാട്ടിലടക്കം നെല്‍കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടുന്നതിനു പരിഹാരം ഉണ്ടാകണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.
സമരങ്ങളെ സര്‍ക്കാര്‍ ഗൗനിക്കാതെ വന്നാല്‍ അധികാരികളുടെ കണ്ണുതുറപ്പിക്കുന്നതുവരെ ശക്തമായ സമരപോരാട്ടങ്ങള്‍ ഉണ്ടാകുമെന്ന് അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് പറഞ്ഞു. ജാതി-മത ഭേദമെന്യേ ജനങ്ങളുടെ നിലനില്‍പ്പിനുവേണ്ടിയാണ് സഭ നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകന്റെ നിലവിളി വന രോധനമാകില്ലെന്നും സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുമെന്നും അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല മുന്നറിയിപ്പു നല്കി. കര്‍ഷകനെ മറന്ന് മുന്നോട്ടുപോകാമെന്ന് ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും തോന്നലുണ്ടെങ്കില്‍ ഇനി അത് നടക്കില്ലെന്ന് അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യനും ചൂണ്ടിക്കാട്ടി. അതിരൂപതയുടെ വിവിധ യൂണിറ്റുകളില്‍നിന്നുള്ള നൂറുകണക്കിനു പ്രതിനിധികള്‍ സായാഹ്ന ധര്‍ണയില്‍ അണിനിരന്നു.