വള്ളികുന്നത്ത് കാട്ടുപന്നിയുടെ ആക്രമണം: അഞ്ചു പേർക്കു പരിക്ക്
1541233
Thursday, April 10, 2025 12:00 AM IST
വള്ളികുന്നം: പട്ടാപ്പകൽ നാട് വിറപ്പിച്ച് കാട്ടുപന്നി നടത്തിയ ആക്രമണത്തിൽ സ്കൂട്ടർ യാത്രികരടക്കം അഞ്ചു പേർക്കു പരിക്ക്. ചൂനാട് കിണറുമുക്ക് ജംഗ്ഷനിലെ സൈക്കിൾക്കടയിലേക്ക് ഓടിക്കയറിയ കാട്ടുപന്നി കടയുടെ മുന്നിലെ ചില്ലുതകർത്തു. ആക്രമണഭീഷണി ഉയർത്തി റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടിയതിനെത്തുടർന്ന് ചൂനാട്-ഓച്ചിറ റോഡിൽ കിണറുമുക്ക് ഭാഗത്ത് ഒരുമണിക്കൂറോളം ഗതാഗതവും സ്തംഭിച്ചു.
ചൂനാട് കിണർമുക്ക് വൃന്ദാവനിൽ വിക്രമൻ, ഭാര്യ ആശ, കിടങ്ങിൽ മോഹനൻ, പനച്ചമൂട്ടിൽ ചെല്ലപ്പൻ, സ്കൂട്ടർ യാത്രികരായ കൃഷ്ണപുരം കാപ്പിൽ സ്വദേശികളായ റീന, മകൾ റിഥ എന്നിവർക്കാണു പരിക്കേറ്റത്. കാലിനു ഗുരുതരമായി പരിക്കേറ്റ മോഹനനെ കരുനാഗപ്പള്ളി
താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമായിരുന്നു സംഭവം. അക്രമാസക്തനായ കാട്ടുപന്നി റോഡിലൂടെ വന്ന വാഹനങ്ങൾക്കു നേരേ പാഞ്ഞടുത്തു. ഇതേത്തുടർന്ന് യാത്രക്കാരും നാട്ടുകാരും ബഹളമുണ്ടാക്കുകയും കല്ലെറിയുകയും ചെയ്തപ്പോൾ തൊട്ടടുത്ത ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള ദാസ് ബ്രദേഴ്സ് സൈക്കിൾക്കടയുടെ മുന്നിലെ ഗ്ലാസ് തകർത്ത് കടയിലേക്ക് ഓടിക്കയറി.
കടയിലെ പരാക്രമത്തിനുശേഷം അവിടെനിന്നു ചാടി തൊട്ടടുത്ത പുരയിടത്തിലേക്ക് ഓടിക്കയറി. പുരയിടത്തിനു നാലുവശവും മതിലായതുകാരണം ചാടിപ്പോകാൻ കഴിയാതെ അവിടെ കുടുങ്ങി. കടയുടെ ചില്ലുതകർത്തപ്പോൾ ഗ്ലാസുകൊണ്ട് കാട്ടുപന്നിയുടെ മുഖത്തും ശരീരഭാഗങ്ങളിലും മുറിവേറ്റിരുന്നു.
നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റ് ഡി. രോഹിണിയെ വിവരമറിയിച്ചു. പ്രസിഡന്റ് ഉടൻതന്നെ പന്നിയെ വെടിവച്ചുകൊല്ലാൻ പഞ്ചായത്ത് ചുമതലപ്പെടുത്തിയ ഷൂട്ടറെ വിവരമറിയിച്ചു. കാട്ടുപന്നി പുരയിടംവിട്ട് രക്ഷപ്പെട്ടുപോകാതിരിക്കാൻ ജനങ്ങൾ സംഘടിച്ച് മതിലിനു സമീപം കാത്തുനിന്നു.
ഷൂട്ടർ രണ്ടുമണിക്കെത്തുമെന്ന് അറിയിച്ചെങ്കിലും വന്നില്ല. ഇതിനിടെ നാട്ടുകാർ നോക്കിനിൽക്കേ കാട്ടുപന്നി മതിൽചാടി ഓടിരക്ഷപ്പെട്ടു. സംഭവമറിഞ്ഞ് വള്ളികുന്നം പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.