കോടതി ഫീസ് വർധന: ബഹിഷ്കരണവുമായി അമ്പലപ്പുഴയിലെ അഭിഭാഷകരും ക്ലർക്കുമാരും
1540912
Tuesday, April 8, 2025 11:45 PM IST
അമ്പലപ്പുഴ: കോടതികളിലെ വർധിപ്പിച്ച ഫീസ് വർധനവിനെതിരേ സംസ്ഥാനത്ത് അഭിഭാഷകരും ക്ലർക്കുമാരും ഇന്നു കോടതി ബഹിഷ്കരിക്കുന്നു. ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ബഹിഷ്കരണത്തിൽ അമ്പലപ്പുഴ കോടതിയിലെ അഭിഭാഷകരും ക്ലർക്കുമാരും പങ്കെടുക്കുമെന്ന് ജെ. ഷെർളി, ആർ. ശ്രീകുമാർ, അനു ജി. തോട്ടപ്പള്ളി, സന്തോഷ് ബാബു, രജിത, ശിവൻപിള്ള, ശ്രീകുമാർ, കെ. ഉണ്ണി എന്നിവർ അറിയിച്ചു.
ബജറ്റ് പ്രഖ്യാപനത്തിൽ കോടതി ഫീസ് വർധന പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പെട്ടെന്ന് ഒരു ഉത്തരവിലൂടെ ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്തെ എല്ലാ കോടതിയിലും ഫീസ് വർധന നടപ്പാക്കുകയായിരുന്നു. നാളിതുവരെയുണ്ടാകാത്ത തരത്തിലുള്ള വർധനയാണ് നടപ്പാക്കിയിരിക്കുന്നത്. നിലവിലുണ്ടായിരുന്നതിനേക്കാൾ രണ്ടിരട്ടി മുതൽ പത്തിരട്ടി വരെ വർധനയാണ് സിവിൽ, ക്രിമിനൽ, കുടുംബകോടതി വ്യവഹാരങ്ങളിൽ കോടതി ഫീസായി കക്ഷികൾ അടയ്ക്കേണ്ടിവരിക.
വ്യവഹാരങ്ങളുമായി സാധാരണക്കാർക്ക് കോടതിയെ സമീപിക്കാൻ കഴിയാത്ത സ്ഥിതിയായി മാറി. എല്ലാവിധ അപേക്ഷകൾക്കും നേരത്തെയുണ്ടായിരുന്ന രണ്ടു രൂപ 20 ഉം വക്കാലത്തിന് അഞ്ചു രൂപയായിരുന്നത് 25 ഉം ജാമ്യാപേക്ഷയ്ക്ക് രണ്ടു രൂപയായിരുന്നത് 50ഉം വിധിപ്പകർപ്പിന് 5 രൂപയായിരുന്നത് 25 ഉം രേഖകളുടെ പകർപ്പുകൾ കോടതി മുൻപാകെ ഹാജരാക്കുന്നതിന് രണ്ടു രൂപയായിരുന്നത് 10 ഉം അന്യായം ഫയൽ ചെയ്യുന്നതിന് 10 രൂപയായിരുന്നത് 50 രൂപയുമാക്കിയാണ് വർധിപ്പിച്ചത്.
ചെക്കുകേസുകളിൽ കോടതി മുൻപാകെ നേരത്തെ ഫീസ് അടയ്ക്കേണ്ടതില്ലായിരുന്നു. ഇപ്പോൾ ഇത് 250 രൂപ മുതൽ പതിനായിരം രൂപ വരെയാക്കിയാണ് വർധിപ്പിച്ചത്. കുടുംബ കോടതികളിലും ഫീസ് വർധന കുത്തനെ നടപ്പാക്കിയിരിക്കുകയാണ്.
ഫീസ് വർധനവിനെതിരേ ബാർ കൗൺസിലും വിവിധ അഭിഭാഷക സംഘടനകളും സർക്കാരിനു പരാതി നൽകിയിരുന്നു. ഇതിനുശേഷവും നടപടി സ്വീകരിക്കാതെ വന്നതോടെയാണ് ഇന്നു കോടതി ബഹിഷ്കരണ സമരം നടത്തുന്നത്. വർധിപ്പിച്ച ഫീസ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ തുടർ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു.