ഓടകൾ വൃത്തിയാക്കി; മാന്നാർ ടൗണിലെ വെള്ളക്കെട്ടിനു പരിഹാരമായി
1540910
Tuesday, April 8, 2025 11:45 PM IST
മാന്നാർ: ചെറിയ മഴയത്ത് പോലും വെള്ളക്കെട്ടിൽ വലയുന്ന മാന്നാർ ടൗണിന് താത്കാലിക ആശ്വാസം. മണ്ണ് നിറഞ്ഞ് മൂടിക്കിടന്ന ഓടകൾ വൃത്തിയാക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. മാന്നാർ ടൗൺ മുതൽ തൃക്കൊരട്ടി ജംഗ്ഷൻ വരെയുള്ള ഓടകളുടെ സ്ലാബുകൾ നീക്കി മണ്ണ് നീക്കം ചെയ്തു തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ടൗണിലും സമീപപ്രദേശങ്ങളിലും വലിയ വെള്ളക്കെട്ട് ഉണ്ടായി. മണ്ണ് മൂടിക്കിടന്ന ഓടകളിലൂടെ വെള്ളം ഒഴുകിപ്പോകാതെ ഓടകൾ നിറഞ്ഞു കവിഞ്ഞതോടെയാണ് മഴവെള്ളം റോഡിൽ കെട്ടിക്കിടന്നത്.
ഇതേത്തുടർന്ന് വാഹനഗതാഗതം അടക്കം തടസപ്പെടുക പതിവായിരുന്നു. വെള്ളം റോഡിൽ കെട്ടിക്കിടന്നതോടെ കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടി. വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറുന്ന അവസ്ഥയുണ്ടായി. മാന്നാർ പോസ്റ്റ് ഓഫിസിനു മുൻവശം റോഡിലും സമീപത്തെ ഓട്ടോസ്റ്റാൻഡിലും കനത്ത മഴയിൽ റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ചെറിയ മഴയത്ത് പോലും ടൗൺ വെള്ളത്തിലാകുന്നതിനെതിരേ വ്യാപാരികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതേത്തുടർന്നാണ് ഓടകൾ ശുചീകരിക്കാൻ അധികൃതർ മുന്നിട്ടിറങ്ങിയത്.