ചത്തിയറ പാലം കടക്കാൻ ഇനി എത്ര നാൾ കാക്കണം?
1540909
Tuesday, April 8, 2025 11:45 PM IST
ചാരുംമൂട്: താമരക്കുളം ചത്തിയറയിൽ പുതിയ പാലത്തിന്റെ നിർമാണം വൈകുന്നത് യാത്രക്കാരെയും നാട്ടുകാരെയും ദുരിതത്തിലാക്കുന്നു. താമരക്കുളം -ഓച്ചിറ റോഡിനെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണം ആരംഭിച്ചിട്ട് രണ്ടു വർഷമാവുകയാണ്. 2023 ജനുവരി 31ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആണ് പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്.
ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന എഴുപത് വർഷം പഴക്കമുള്ള പഴയ പാലം പൊളിച്ചാണ് പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 4.40 കോടിയാണ് അനുവദിച്ചത്. പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നതിനാൽ സമാന്തരപാതകളിലൂടെയുള്ള യാത്രയും നാട്ടുകാർക്ക് ദുരിതയാത്രയായി മാറിയിരിക്കുകയാണ്. നിർമാണം വൈകുന്നതു കാരണം താമരക്കുളം മാധവപുരം മാർക്കറ്റിലെ കച്ചവടവും കുറഞ്ഞു.
ചത്തിയറ, വള്ളികുന്നം ഭാഗത്തുനിന്നു വരുന്ന കർഷകരുൾപ്പെടെയുള്ളവരായിരുന്നു താമരക്കുളം മാർക്കറ്റിനെ നിലനിർത്തിയിരുന്നത്. കരാറുകാർക്ക് ബിൽ മാറി കിട്ടാനുള്ള താമസവും പാലത്തിന്റെ നിർമാണം വൈകാൻ കാരണമായെന്നു നാട്ടുകാർ പറയുന്നു. ചെറിയ വാഹനങ്ങൾക്കും ഇരുചക്ര വാഹന യാത്രക്കാർക്കും സഞ്ചരിക്കാനായി നിർമിച്ച താത്കാലിക പാലത്തിലൂടെയുള്ള യാത്രയും ദുരിതമായിരിക്കുകയാണ്.
പാലം നിർമാണം മൂലം താമരക്കുളം ജംഗ്ഷനിൽ എത്താൻ കിലോമീറ്ററുകളോളം ഇപ്പോൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇതുവഴിയുള്ള ചൂനാട് - ഓച്ചിറ -കരുനാഗപള്ളി ബസ് സർവീസുകളും റൂട്ട് മാറ്റിയതോടെ യാത്രക്കാരും ദുരിതത്തിലാണ്. പുതിയ പാലത്തിന്റെ നിർമാണം അടിയന്തരമായി വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.