നവംബര്‍ ഒന്നുമുതല്‍ ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാക്കിയ വില്ലേജുകളില്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍: മന്ത്രി കെ. രാജന്
1540905
Tuesday, April 8, 2025 11:45 PM IST
ആലപ്പുഴ: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതല്‍ ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാക്കിയ വില്ലേജ് ഓഫീസുകളില്‍ പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ എന്ന റവന്യു സ്മാര്‍ട്ട് കാര്‍ഡുകള്‍ അവതരിപ്പിക്കുമെന്ന് മന്ത്രി കെ. രാജന് പറഞ്ഞു. മണ്ണഞ്ചേരി പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ അമ്പലപ്പുഴ താലൂക്കിലെ മണ്ണഞ്ചേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
റവന്യൂ വകുപ്പ് ഇനി മുതല്‍ ഇ - സര്‍വീസിലേക്കു മാറുകയാണ്. രേഖകളുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസുകളില്‍ ക്യൂ നില്‍ക്കാതെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സ്മാര്‍ട്ട് നമ്പറും ക്യൂആര്‍ കോഡും ചിപ്പും ഘടിപ്പിച്ച എടിഎം കാര്‍ഡിന്റെ വലിപ്പത്തിലുള്ള സ്മാര്‍ട്ട് കാര്‍ഡുകള്‍ സഹായിക്കും. പത്ത് രാജ്യങ്ങളിലുള്ളവര്‍ക്ക് റവന്യു കാര്‍ഡ് ഗുണഭോക്താക്കളാകാന്‍ കഴിയും.
റവന്യുവകുപ്പ് അവതരിപ്പിക്കുന്ന ഇ - സാക്ഷരതയിലൂടെ കേരളത്തിലെ 87 ലക്ഷം വീടുകളില്‍ ഒരു വീട്ടിലെ ഒരാള്‍ക്കെങ്കിലും ഓണ്‍ലൈനിലൂടെ സേവനങ്ങള്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭിന്നശേഷി വ്യക്തികള്‍ക്കും സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്. ആലപ്പുഴ മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കുകയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പി.പി. ചിത്തരഞ്ജന് എംഎല്‍എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, എഡിഎം ആശ സി. ഏബ്രഹാം, സബ് കളക്ടര്‍ സമീര്‍ കിഷന് തുടങ്ങിയവര്‍ പങ്കെടുത്തു.
ആലപ്പുഴ: എട്ടു വര്‍ഷം കൊണ്ട് 3,57,000 പട്ടയങ്ങള്‍ സംസ്ഥാനത്ത് വിതരണം ചെയ്തെന്ന് റവന്യു മന്ത്രി കെ. രാജന്. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് അകെ പട്ടയം ലഭിച്ച കുടുംബങ്ങളുടെ എണ്ണം അഞ്ചുലക്ഷം ആയി മാറുമെന്നും മന്ത്രി പറഞ്ഞു. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ 34 കുടുംബങ്ങള്‍ക്കുള്ള പട്ടയ വിതരണ ചടങ്ങ് പുന്നപ്ര പള്ളിവെളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എച്ച്. സലാം എംഎല്‍എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ, എഡി എം ആശ സി. ഏബ്രഹാം, സബ് കളക്ടര്‍ സമീര്‍ കിഷന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.