തീരത്തെ വറുതിയിലാക്കുമോ പൊന്തുവള്ള നിരോധനം?
1540903
Tuesday, April 8, 2025 11:45 PM IST
ആലപ്പുഴ: തീരക്കടലില്‍ മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്ന തെര്‍മോക്കോള്‍ നിര്‍മിത ചെറുവള്ളങ്ങള്‍ക്കു (പൊന്തുവള്ളം) നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം. തെര്‍മോക്കോളില്‍ പ്ലാസ്റ്റിക് ഷീറ്റ് ചുറ്റി നിര്‍മിക്കുന്ന പൊന്തുവള്ളങ്ങള്‍ സുരക്ഷിതമല്ലെന്നും രാജ്യസുരക്ഷയ്ക്കു ഭീഷണിയാന്നെന്നും ചൂണ്ടിക്കാട്ടിയാണു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. ഇത് ആലപ്പുഴ തീരദേശത്തെ തെല്ലൊന്നുമല്ല ആശങ്കയിലാക്കുന്നത്.
അതിനാൽ ഏറ്റവും ചെലവു കുറഞ്ഞ മത്സ്യബന്ധന യാനമായ പൊന്തുവള്ളങ്ങള്‍ നിരോധിക്കരുതെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്തെത്തി. തീരക്കടലില്‍ പൊന്തുവള്ളങ്ങള്‍ വലവിരിച്ചാല്‍ വിനോദസഞ്ചാര ബോട്ടുകളുടെ സര്‍വീസ് തടസപ്പെടുന്നതും കടല്‍മണല്‍ ഖനനം മുടങ്ങുന്നതും ഒഴിവാക്കാനാണു കോസ്റ്റ് ഗാര്‍ഡിനെ മറയാക്കി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകളുടെ ആരോപണം. പ്രാദേശികമായി കൂട്ടായ്മകള്‍ ചേര്‍ന്നു പ്രതിഷേധ പരിപാടി ആവിഷ്കരിക്കുകയാണു സംഘടനകള്‍.
പ്രചാരം വര്‍ധിപ്പിച്ചു
ആലപ്പുഴയിൽ വ്യാപകമായും മറ്റു ജില്ലകളില്‍ ചെറിയ തോതിലുമാണ് ഈ വള്ളങ്ങള്‍ ഉപയോഗിക്കുന്നത്. എന്ജിന് ഘടിപ്പിക്കാത്ത വള്ളമായതിനാല്‍ പ്രവര്ത്തനച്ചെലവുകുറവാണ്. ഒരാള്‍ക്കു തനിയെ കടലില്‍ പോയി മീന്‍പിടിച്ചു തിരിച്ചെത്താനാകുമെന്നതും പൊന്തുവള്ളങ്ങളുടെ പ്രചാരം വര്‍ധിപ്പിച്ചു. തീരത്തുനിന്നു രണ്ടു കിലോമീറ്ററോളം ദൂരത്തു മാത്രമാണ് പൊന്തുവള്ളങ്ങള്‍ ഉപയോഗിക്കാനാകുക. നിയന്ത്രണം വന്നാല്‍ തീരം വറുതിയിലാകും. പൊന്തുവള്ളങ്ങള്ക്കു നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കം ഏറ്റവുമധികം ബാധിക്കുക ജില്ലയിലെ മത്സ്യത്തൊഴിലാളികളെയാണ്. ജില്ലയില്‍ മാത്രം 3000ലേറെ പൊന്തുവള്ളങ്ങള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്.
ഓരോ പൊന്തുവള്ളവുമായും ബന്ധപ്പെട്ട് അഞ്ചോളം കുടുംബങ്ങളാണു കഴിയുന്നത്. ഫലത്തില്‍ ജില്ലയിലെ 3000 പൊന്തുവള്ളങ്ങളിലായി 15,000 പേരാണ് ഉപജീവനം നടത്തുന്നത്. മത്തിയാണു പ്രധാനമായും ലഭിക്കുക. മീന്‍ കുറവുള്ള സമയത്തും 300 രൂപയോളം വരുമാനം കിട്ടും. പൊന്തുവള്ളങ്ങള്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2024 ജൂലൈയിലും 2025 മാര്‍ച്ചിലും മത്സ്യബന്ധന വകുപ്പിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
നിരോധനം
ഏര്‍പ്പെടുത്തിയാല്‍
ആദ്യയോഗത്തില്‍ തന്നെ മത്സ്യത്തൊഴിലാളി സംഘടനകള്‍ എതിര്‍പ്പ് അറിയിച്ചിട്ടും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വകുപ്പ് മുന്നോട്ടുപോകുകയാണെന്നാണു സൂചന. വല ഉള്‍പ്പെടെ പാതയോരത്ത് എത്തിയാണു വില്‍പനയെന്നതിനാല്‍ സാധാരണക്കാര്‍ക്കു കുറഞ്ഞ വിലയില്‍ കേടില്ലാത്ത മീന്‍ വാങ്ങാനുമാകും.
പൊന്തുവള്ളത്തിനു നിരോധനം ഏര്‍പ്പെടുത്തിയാല്‍ ഈ സാധ്യതകള്‍ ഇല്ലാതെയാകും. വലിയ യാനങ്ങളില്‍ ഭാരിച്ച മുതല്‍മുടക്കി മീന്‍പിടിക്കാന്‍ പോകേണ്ട അവസ്ഥയിലേക്കു മത്സ്യത്തൊഴിലാളികളെത്തും. വലിയ തെര്‍മോകോള്‍ വാങ്ങി കത്തി കൊണ്ട് അരിഞ്ഞു രൂപപ്പെടുത്തിയാണു പൊന്തുവള്ളം മെനയുന്നത്. പൊടിഞ്ഞു പോകാതിരിക്കാന്‍ പുറമേ പ്ലാസ്റ്റിക് ചാക്ക് പൊതിഞ്ഞു തുന്നിപ്പിടിപ്പിക്കും.
ഇരുപുറവും പ്രയോഗിക്കുന്ന തുഴയാണു പൊന്തുവള്ളത്തിലേത്. ഒരാള്‍ക്കു മാത്രമേ ചെറിയ പൊന്തുവള്ളത്തില്‍ ഇടമുള്ളൂ. ഭാരം കുറവായതിനാല്‍ കടലിലേക്കുള്ള ഇറക്കവും തിരികെ കയറ്റവും പൊന്തുവള്ളങ്ങള്ക്കു വലിയ വെല്ലുവിളിയാണ്. തീരത്തുനിന്നു രണ്ടു കിലോമീറ്റര്‍ അകലെ വരെ പോയി വലയിടും.
ഒരു പൊന്തുവള്ളം നിര്‍മിക്കാന്‍ 7,000, 8,000 രൂപ ചെലവുണ്ട്. വല ഉള്‍പ്പെടെയാകുമ്പോള്‍ ചെലവ് 30,000 രൂപയോളമാകും. ആദ്യത്തെ പൊന്തുവള്ളങ്ങള്‍ ചെറുതായിരുന്നെങ്കില്‍ ഇപ്പോള്‍ മൂന്നു മീറ്ററോളം നീളമുള്ളവയുമുണ്ട്.
പൊന്തുവള്ളങ്ങള്‍ നിയന്ത്രിക്കാനുള്ള
നീക്കം ഉപേക്ഷിക്കണമെന്ന്
ഫാ. സേവ്യര്‍ കടിയാംശേരി
ആലപ്പുഴ: തീരത്തെ ഇപ്പോള്‍ പട്ടിണിയില്‍നിന്നു കാക്കുന്നതു പൊന്തുവഞ്ചികളാണ്. ഒരാള്‍ ഒറ്റയ്ക്കു തുഴഞ്ഞുപോയി മീന്‍പിടിച്ച് സ്വന്തമായിത്തന്നെ വിറ്റഴിച്ചു കഴിയുന്ന വളരെ മാതൃകാപരമായ മീന്‍പിടിത്തമാണു പൊന്തുവഞ്ചിയിലൂടെ നടക്കുന്നത്. അതു നിയന്ത്രിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആലപ്പുഴ രൂപത പിആർഒ ഫാ.സേവ്യര്‍ കടിയാംശേരി പറഞ്ഞു. തീരത്തെ ഏറ്റവും ചെലവു കുറഞ്ഞ മത്സ്യബന്ധന സംവിധാനമാണിത്. പരിസ്ഥിതി സംരക്ഷണത്തിനുതകുന്നതും മാലിന്യമുക്തവുമായ ഒരു മീന്പിടിത്തരീതിയാണ്.
ജില്ലയില്‍ത്തന്നെ ആയിരക്കണക്കിനു പൊന്തുവള്ളങ്ങളുണ്ട്. ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ക്കു ജീവന് നിലനിര്‍ത്താന്‍ ഇപ്പോഴുള്ള ഏകമാര്‍ഗം പൊന്തു വഞ്ചികളാണെന്നും അദ്ദേഹം പറഞ്ഞു. അവയെ നിരോധിക്കുന്നത് മീന്‍പിടിത്തക്കാരുടെ ജീവിക്കാനുള്ള മൗലികാവകാശത്തിനുമേലുള്ള കടന്നുകയറ്റമാണ്. പൊന്തുവഞ്ചികള്ക്കു രജിസ്റ്റേഷനും ഇന്‍ഷ്വറന്‍സ് സംവിധാനങ്ങളും മറ്റു നയാമിക കാര്യങ്ങളും ചെയ്തു നിലനിർത്തുകയാണ് വേണ്ടത്. നിരോധിക്കാനുള്ള നീക്കത്തിന്നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ഫാ. സേവ്യര്‍ കടിയാംശേരി പറഞ്ഞു.
രജിസ്ട്രേഷൻ, ഇന്‍ഷ്വറന്‍സ്,
തീരദേശ ടൂറിസം
കടലില്‍ ഇറക്കാനുള്ള യാനമായി പൊന്തുവള്ളത്തെ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ റജിസ്റ്റര്‍ ചെയ്യാനാകില്ല. അതിനാല്‍ തന്നെ വള്ളത്തിനും വലയ്ക്കും വള്ളത്തില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ല. അപകടത്തില്‍പെട്ടു മത്സ്യത്തൊഴിലാളി മരിച്ച സംഭവങ്ങളില്‍ പോലും ഇന്‍ഷ്വറന്‍സ് ലഭിക്കാത്ത സാഹചര്യം വന്നിട്ടുണ്ട്. മറ്റു മത്സ്യബന്ധന യാനങ്ങളെക്കാള് ഏറെ അപകടമാണെന്നിരിക്കെ പൊന്തുവള്ളങ്ങള്‍ക്ക് രജിസ്ട്രേഷന് നല്‍കാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
ആലപ്പുഴ, മാരാരിക്കുളം, അര്‍ത്തുങ്കല്‍ തീരത്തു വിനോദസഞ്ചാര ബോട്ട് സര്‍വീസുകള്‍ ആരംഭിക്കാന്‍ ശ്രമമുണ്ട്. ആലപ്പുഴ ബീച്ചില്‍ സ്പീഡ് ബോട്ട് സര്‍വീസ് ആരംഭിച്ചിരുന്നു. തീരത്ത് എല്ലായിടത്തുനിന്നും പൊന്തുവള്ളങ്ങള്‍ കടലില്‍ പോകുകയും തിരികെ വരികയും ചെയ്യുന്നതു സാഹസിക വിനോദസഞ്ചാര സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനു ബുദ്ധിമുട്ടാകുന്നുണ്ട്. ബോട്ട് സര്‍വീസുള്ള ഭാഗം മാത്രം ഒഴിവാക്കി മറ്റിടങ്ങളില്‍ പൊന്തുവള്ളം ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണു മത്സ്യത്തൊഴിലാളികളുടെ ആവശ്യം.