ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതികൾ പിടിയിൽ
1540902
Tuesday, April 8, 2025 11:45 PM IST
ഹരിപ്പാട്: ഓൺലൈൻ പ്ലാറ്റ്ഫോമിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ രണ്ടു പ്രതികൾ പിടിയിൽ. വീയപുരം സ്വദേശിയായ യുവാവിന് നഷ്ടമായത് നാലരലക്ഷത്തോളം രൂപ. സംഭവമായി ബന്ധപ്പെട്ട് എറണാകുളം കണ്ണമാലി സ്വദേശികളായ അജിത്ത് വർഗീസ്(25), സഞ്ജയ് ജോസഫ് എന്നിവരെ വീയപുരം പോലീസ് പിടികൂടി.
ടെലിഗ്രാം അക്കൗണ്ട് വഴി ട്രേഡിംഗ് പ്ലാറ്റ്ഫോമിലേക്ക് രജിസ്റ്റർ ചെയ്ത് ബോണസായി 300 രൂപ നൽകി തുടർന്ന് ഏഴു തവണയോളം ചെറിയ തുകകളായി ഈ അക്കൗണ്ടിലേക്ക് നൽകിക്കൊണ്ടിരുന്നു. കൂടുതൽ വിശ്വാസം ജനിപ്പിച്ച് പല ഉപായങ്ങൾ പറഞ്ഞ് രണ്ടര ലക്ഷം വരെ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പരാതിക്കാരൻ വീണ്ടും തുക നൽകുകയായിരുന്നു. തുടർന്ന് അക്കൗണ്ടിൽ നിന്നു ആകെ 4.56 ലക്ഷം രൂപ നഷ്ടമായിരുന്നു. തുടർന്നാണ് ഇയാൾ വീയപുരം പോലീസിൽ പരാതി നൽകിയത്.
വീയപുരം എസ്എച്ച്ഒ ഷഫീക്കിന്റെ നിർദേശപ്രകാരം എസ്ഐ പി. പ്രദീപ്, എഎസ്ഐ ബാലകൃഷ്ണൻ, സീനിയർ സിപിഒ പ്രതാപ് മേനോൻ, സിപിഒ നിസാറുദ്ദീൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.