77 പേരെ കടിച്ചു ചത്ത നായയ്ക്ക് പേ വിഷബാധയെന്ന് റിപ്പോർട്ട്
1540611
Monday, April 7, 2025 11:20 PM IST
മാവേലിക്കര: മാവേലിക്കരയിലും പരിസരപ്രദേശങ്ങളിലുമായി 77 പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ മഞ്ഞാടിയിലെ എഡിഡിഎല്‍ ലാബിലെ പരിശോധനയിലാണ് വിഷബാധ സ്ഥിരീകരിച്ചത്. കണ്ണമംഗലത്തെ പറമ്പില്‍ ചത്തുകിടന്ന നിലയില്‍ കണ്ടെത്തിയ നായയെ നാട്ടുകാര്‍ ചിലര്‍ ചേര്‍ന്ന് കുഴിച്ചിട്ടിരുന്നു.
കഴിഞ്ഞദിവസം നായയെ നഗരസഭ, മൃഗസംരക്ഷണവകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ പുറത്തെടുത്ത് പരിശോധനയ്ക്കായി കൊണ്ടുപോകുകയായിരുന്നു. മാവേലിക്കരയിലും പരിസര പ്രദേശങ്ങളിലുമുള്ള 77 പേര്‍ക്കു പുറമേ തെരുവുനായകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതലാണു നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി മൂന്നു വയസുകാരി ഉള്‍പ്പെടെ 77 പേര്‍ക്കോളം തെരുവുനായയുടെ കടിയേറ്റത്. പുതിയകാവ്, കല്ലുമല, തഴക്കര, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, നഗരസഭ സ്വകാര്യബസ് സ്റ്റാന്‍ഡ്, എ.ആര്. ജംഗ്ഷന്, നടയ്ക്കാവ്, പ്രായിക്കര, കണ്ടിയൂര്‍, പറക്കടവ്, പനച്ചമൂട് ഭാഗങ്ങളിലായി തെരുവുനായ ഒട്ടേറെപ്പേരെ കടിച്ചത്.
കടിച്ച നായയെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. ഞായറാഴ്ച ചെട്ടികുളങ്ങര കണ്ണമംഗലത്ത് പറന്പിൽ ചത്തനിലയില്‍ കാണപ്പെട്ട നായയെ ചിലര്‍ കുഴിച്ചുമൂടുകയായിരുന്നു. നായയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ജനങ്ങളുടെ ഭീതി അകറ്റാന്‍ അധികൃതര്‍ തയാറാകാതെ കുഴിച്ചുമുടിയതില് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ നായയെ പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ചത്.
നിലവില്‍ മാവേലിക്കരയിലെ വെറ്ററിനറി സര്ജന് ഡോ.ആര്.അജിവിന്റെ നേതൃത്വത്തില്‍ പ്രായിക്കര, പുതിയകാവ്, മാവേലിക്കര ടൗണ്‍ എന്നിവിടങ്ങളിലെ നായയില്‍നിന്നു കടിയേറ്റിട്ടുണ്ടെന്ന് കരുതുന്ന ഏതാനും നായകള്‍ക്ക് വാക്സിനേഷന് നല്‍കിയിരുന്നു. എന്നാല്‍, നൂറുകണക്കിന് നായകള്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ക്കു കടിയേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
നൂറുകണക്കിന് തെരുവുനായകളുള്ള മാവേലിക്കരയില്‍ ഇവയില്‍ പൂര്‍ണമായും വാക്സിനേഷന് നല്‍കുക എന്നത് വലിയ പ്രശ്നമായി തന്നെ ഉയരുകയാണ്. ഇത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുമുണ്ട്. പ്രാഥമിക പരിശോധനയില്‍ ചത്ത നായയ്ക്കു പേവിഷബാധയുണ്ടെന്ന് ലാബ് അധികൃതര്‍ അറിയിച്ചെന്നും വിദമായ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നും പേ ബാധിച്ച തെരുവുനായ സഞ്ചരിച്ച റൂട്ടില്‍ കൂടുതല്‍ തെരുവുനായ്ക്കളെ പിടികൂടി പേവിഷബാധ പ്രതിരോധ വാക്സിന് നല്കുന്ന പ്രവര്‍ത്തനം ഇന്നുമുതല്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്നും ഇതിനായി ഡോഗ് ക്യാച്ചറെ നിയോഗിച്ചിട്ടുണ്ടെന്ന് ആക്ടിംഗ് ചെയര്‍പഴ്സന്‍, ടി. കൃഷ്ണകുമാരി പറഞ്ഞു.