ജലസ്രോതസുകൾ മലിനപ്പെടുത്തിയാൽ കർശന നടപടി: മന്ത്രി പി. പ്രസാദ്
1540285
Sunday, April 6, 2025 11:52 PM IST
ചേര്‍ത്തല: കുളങ്ങളും തോടുകളും സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം എല്ലാവര്ക്കും ഉണ്ടെന്നും ജലസ്രോതസുകളെ മലിനപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേർത്തല കാർത്ത്യായനി ദേവീക്ഷേത്രം പള്ളിക്കുളത്തിന്റെ നവീകരണം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പരമ്പരാഗത ജലസ്രോതസുകളുടെ പുനരുജീവന പദ്ധതി പ്രകാരം മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പ് 108.6 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നവീകരിച്ചത്. കുളത്തിന്റെ പാർശ്വഭിത്തി കെട്ടി നവീകരിക്കുന്നതിന് 91.6 ലക്ഷവും കുളത്തിനു ചുറ്റും സംരക്ഷണഭിത്തി കെട്ടി, ഗ്രില്ല് സ്ഥാപിച്ച് സൗന്ദര്യവത്്കരണത്തിനും ആറാട്ടുകുളപ്പുര ബലപ്പെടുത്തി നവീകരിക്കുന്നതിനും 17 ലക്ഷവുമാണ് ചെലവഴിച്ചത്.
കൃഷിവകുപ്പ്, കെഎല്‍ഡിസി, മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണവകുപ്പ് എന്നിവയിലൂടെ മണ്ഡലത്തില്‍ 22 കുളങ്ങൾ നവീകരിക്കുന്നതിന് 12.66 കോടി രൂപ അനുവദിച്ചു. ഇതിൽ പല പ്രവൃത്തികളും പൂർത്തീകരിച്ചു. ചേർത്തല മണ്ഡലത്തിലെ കാർഷി മേഖലയിൽ 2021 മേയ് മുതൽ 48 കോടിയോളം രൂപയുടെ പദ്ധതികൾ കൃഷി, മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പുകളിലൂടെ അനുവദിച്ച് പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ എത്തിയതായും മന്ത്രി പി. പ്രസാദ് പറഞ്ഞു.
നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു. മണ്ണ് സംരക്ഷണവകുപ്പ് ജോയിന്റ് ഡയറക്ടർ വി.എം. അശോക് കുമാർ പദ്ധതി വിശദീകരിച്ചു.
നഗരസഭാ വൈസ് ചെയർമാൻ റ്റി.എസ്. അജയകുമാർ, സ്ഥിരം സമിതി അധ്യക്ഷരായ ശോഭാ ജോഷി, ജി. രഞ്ജിത്ത്, മാധുരി സാബു, എ.എസ്. സാബു, ഏലിക്കുട്ടി, കൗൺസിലർമാരായ രാജശ്രീ ജ്യോതിഷ്, എ. അജി, ആശാമുകേഷ്, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണവകുപ്പ് അഡീഷണൽ ഡയറക്ടർ ഡി. ആനന്ദബോസ്, ആലപ്പുഴ സോയിൽ സർവേ അസിസ്റ്റന്റ് ഡയറക്ടർ സിമി സത്യശീലൻ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ എസ്. മഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു.