ലഹരി വിരുദ്ധ സന്ദേശവുമായി ആലപ്പി എക്യുമെനിക്കൽ ഫോറം
1540604
Monday, April 7, 2025 11:20 PM IST
ആലപ്പുഴ: നാടിനെ നശിപ്പിക്കുന്ന തലമുറകളെ ദുഷിപ്പിക്കുന്ന മദ്യത്തിനും മയക്കുമരുന്നിനും എതിരേ സന്ധിയില്ലാ സമരം ഉറക്കെ പ്രഖ്യാപിച്ച് ആലപ്പി എക്യുമെനിക്കൽ ഫോറം ആലപ്പുഴയിൽ സന്ദേശ റാലിയും പൊതുസമ്മേളനവും നടത്തി.
സമൂത്തിന്റെ വിവിധതുറകളിൽനിന്നുള്ളവർ പങ്കെടുത്ത ലഹരി വിരുദ്ധ സന്ദേശ റാലി കോൺവന്റ് സ്ക്വയറിൽ കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു.
ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ ബാനറുകളും പ്ലക്കാർഡുകളുമായി നീങ്ങിയ റാലി ബീച്ചിൽ സമ്മേളന നഗറിലെത്തി. ബീച്ചിൽ നടന്ന ലഹരിവിരുദ്ധ സന്ദേശ സമ്മേളനം ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജി. സുധാകരൻ ലഹരിവിരുദ്ധ സന്ദേശം നൽകി. രൂപത വികാരി ജനറാൾ മോൺ. ജോയ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു.
ട്രാഫിക് എസ്ഐ അരുൺ സി. നായർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ആർ. പ്രേം, കൗൺസിലർ റീഗോ രാജു, ഫാ. രഞ്ജിത്ത് മടത്തിറമ്പിൽ, ഫാ. ബിജു കെ. ജോർജ്, ഫാ. ഏബ്രഹാം തേക്കാട്ടിൽ, ഫാ. ജിത്തു വർഗീസ്, മദർ ജനറൽ സിസ്റ്റർ ലീല ജോസ്, ഫാ. ഫ്രാൻസിസ് കൊടിയനാട്, ജോസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.