25 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ്: കര്‍ണാടക സ്വദേശി പിടിയില്‍
1540282
Sunday, April 6, 2025 11:52 PM IST
ചേർത്തല: ഓൺലൈൻ ജോലിചെയ്ത് പണം സമ്പാദിക്കാമെന്ന വാഗ്ദാനംചെയ്ത് 25 ലക്ഷം രൂപ തട്ടിയ കേസിൽ കര്‍ണാടക സ്വദേശി പിടിയില്‍. ചേർത്തല സ്വദേശിയിൽനിന്നു 25,33,278 രൂപ തട്ടിയ കേസിലാണ് കർണാടക കുടക് സ്വദേശിയായ കെ.എം. ഇസാഖി(31)നെ ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രത്യേക അന്വഷണ സംഘത്തിന്റെ നേതൃത്വത്തിൽ കർണാടക പോലീസിന്റെ സഹായത്തോടെ ഹോസ്കോട്ട് എന്ന സ്ഥലത്തുനിന്നുമാണ് പ്രതിയെ പിടികൂടിയത്. ഒരു സ്വകാര്യകമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞു ആൾമാറാട്ടം നടത്തി സന്ധ്യാ സിംഗ് എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ട് വഴി പരാതിക്കാരനെ ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. ടെലിഗ്രാമിലൂടെ ചാറ്റ് ചെയ്ത് വീട്ടിലിരുന്നു ഓൺലൈൻ ജോലി ചെയ്തു പണമുണ്ടാക്കാമെന്ന് പരാതിക്കാരനെ പറഞ്ഞു വിശ്വസിപ്പിച്ച് സ്വകാര്യകമ്പനിയുടെ പേരിലുള്ള വെബ്സൈറ്റിൽ അക്കൗണ്ട് ഉണ്ടാക്കി ലോഗിൻ ചെയ്യിപ്പിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്.
16.5.2023 മുതൽ 4.6.2023 വരെയുള്ള കാലയളവിൽ 17 ഇടപാടുകളിലായി 25,33,278 രൂപയാണ് പരാതിക്കാരന് നഷ്ടമായതെന്ന് പോലീസ് പറഞ്ഞു. ഇസാഖിന് ലഭിച്ച പണം കൈമാറിയ കുടക് സ്വദേശി രാജേഷ് എന്നയാൾ വഴി വയനാട് മാനന്തവാടി സ്വദേശി നിഷാന്ത് എന്നയാൾക്ക് പണം അയച്ചു നൽകി. ഇതിന് ഇസാഖിന് പ്രതിഫലം ലഭിച്ചിരുന്നു. കൂട്ടു പ്രതികളായ നിഷാന്തിനെയും രാജേഷിനെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ആലപ്പുഴ സൈബർ ക്രൈം നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷൻ പറഞ്ഞു.
ആലപ്പഴ സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ ഏലിയാസ് പി. ജോർജ്, സബ് ഇൻസ്പെക്ടർ വി.എസ്. ശരത്ചന്ദ്രൻ, അസി. സബ് ഇൻസ്പെക്ടർ ജെ. രഞ്ജിത്ത്, സിപിഒമാരായ കെ. റികാസ്, അജിത് എന്നിവർ അന്വഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.