വെള്ളാപ്പള്ളി മഹാസംഗമം: ജനലക്ഷങ്ങള്‍ പങ്കെടുക്കും
1540058
Sunday, April 6, 2025 5:37 AM IST
ചേർത്തല: എസ്എൻഡിപി യോഗം നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആദരവൊരുക്കുന്ന മഹാസംഗമം 11ന് ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടക്കും.
സമ്മേളനത്തിൽ കാൽലക്ഷം പേർ പങ്കെടുക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായെന്നും സംഘാടക സമിതി ചെയർമാൻ കെ.പി. നടരാജൻ, ജനറൽ കൺവീനർ പി.ഡി. ഗഗാറിൻ, വർക്കിംഗ് ചെയർമാൻ അഡ്വ. പി.എസ്. ജ്യോതിസ്, യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ, പാണാവള്ളി മേഖല ചെയർമാൻ കെ.എൽ. അശോകൻ, കൺവീനർ ബിജുദാസ്, ചേർത്തല മേഖല വൈസ് ചെയർമാൻ രവീന്ദ്രൻ അഞ്ജലി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജെ.പി. വിനോദ് എന്നിവർ പറഞ്ഞു.
11ന് വൈകിട്ട് 3.30ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചേർത്തല എക്സറേ കവലയിൽനിന്ന് തുറന്ന വാഹനത്തിൽ സ്വീകരിക്കും. നാലിന് യോഗസംഗമവും സ്വീകരണസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെള്ളാപ്പള്ളി നടേശനെ ആദരിക്കും. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. ഒരു വീട്ടിൽ ഒരു വ്യവസായം പദ്ധതി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ ഗുരുസന്ദേശം നൽകും. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ സന്ദേശം നൽകും.