ചെങ്ങന്നൂരിൽ ഗാന്ധി സ്മൃതി മന്ദിരം നിർമിക്കണമെന്ന്
1540602
Monday, April 7, 2025 11:20 PM IST
ചെങ്ങന്നൂർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ഗവ. റിലീഫ് എൽ പി സ്കൂൾ പ്രവർത്തിച്ച സ്ഥലത്ത് ഗാന്ധി സ്മൃതി മന്ദിരം നിർമിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. സംശുദ്ധമായ ജീവിതമൂല്യങ്ങളും ലഹരിക്കെതിരെയുള്ള ഗാന്ധിയൻ ദർശനങ്ങളും യുവതലമുറയ്ക്ക് പകർന്നുനൽകാൻ ഗാന്ധിയൻ പഠനകേന്ദ്രം ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
സ്വാതന്ത്ര്യസമരത്തിലും വൈക്കം സത്യഗ്രഹം ഉൾപ്പെടെ കേരള നവോത്ഥാന പ്രവർത്തനങ്ങൾക്കാകെ നേതൃത്വം നൽകിയ രക്തസാക്ഷിയായ ചിറ്റേടത്ത് ശങ്കുപ്പിള്ള, ഗാന്ധി ശിഷ്യൻ ബാരിസ്റ്റർ ജോർജ് ജോസഫ് എന്നിവർക്കും ഉചിതമായ സ്മാരകം നിർമിക്കണം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പാർട്ടി കത്തയച്ചു. ആർജെഡി സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻ്റ് അജിത് ആയിക്കാട് അധ്യക്ഷനായി. ആർ.പ്രസന്നൻ, സതീഷ് വർമ, പ്രസന്നൻ പള്ളിപ്പുറം, വി.എൻ. ഹരിദാസ്, സാം ജേക്കബ്, മനു പാണ്ടനാട്, കൊച്ചനിയൻ, എസ്.ശ്രീകുമാർ, പി.കെ.രാജീവ് ചെറിയനാട്, എം. ജയിംസ് മാത്യു എന്നിവർ പ്രസംഗിച്ചു.