കടത്ത് നിലച്ചു; യാത്രാദുരിതത്തില്‍ നൂറോളം കുടുംബങ്ങള്‍
1540059
Sunday, April 6, 2025 5:37 AM IST
അമ്പലപ്പുഴ: പുറക്കാട് കന്നിട്ടക്കടവിലെ പഞ്ചായത്തു കടത്ത് നിലച്ചതോടെ ദുരുതത്തിലായിരിക്കുകയാണ് നൂറുകണക്കിനു കുടുംബങ്ങള്‍. ടി എസ് കനാലിന് കുറുകെയാണ് ഇവിടെ കടത്തുവള്ളം പ്രവര്‍ത്തനമാരംഭിച്ചത്. തുടക്കത്തില്‍ സൗജന്യമായിരുന്നു യാത്ര. പിന്നീട് സ്വകാര്യവ്യക്തിക്ക് പഞ്ചായത്ത് ഇതിന്റെ കരാര്‍ നല്‍കുകയായിരുന്നു.
ടി എസ് കനാലിനു കിഴക്ക് ഭാഗത്തുള്ള നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഇക്കരെയെത്താനുള്ള ഏക മാര്‍ഗമായിരുന്നു ഈ കടത്ത്. അപൂര്‍വം ചില വീട്ടുകാര്‍ക്ക് മാത്രം സ്വന്തമായി ചെറുവള്ളമുണ്ട്. നിലവില്‍ കടത്ത് നിലച്ചതോടെ സ്വന്തമായി വള്ളമില്ലാത്ത കുടുംബങ്ങള്‍ മൂന്നു കിലോമീറ്ററോളം നടന്ന് കരുമാടിയിലെത്തി ദേശീയ പാതയില്‍ പ്രവേശിക്കേണ്ട സ്ഥിതിയാണ്.
രാവിലെ 6 മുതല്‍ രാത്രി 8.30 വരെയായിരുന്നു കടത്തിന്റെ പ്രവര്‍ത്തന സമയം. കരാര്‍ ഏറ്റെടുത്ത വ്യക്തി കടത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതോടെയാണ് യാത്രാദുരിതം വര്‍ധിച്ചത്. അടുത്ത ദിവസം തന്നെ മറ്റൊരു വ്യക്തിക്ക് ഇതിന്റെ കരാര്‍ നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്ശനന് അറിയിച്ചു.