വീട്ടമ്മയുടെ സ്വർണവും പണവും തട്ടിയെടുത്ത വിമുക്തഭടൻ അറസ്റ്റിൽ
1540061
Sunday, April 6, 2025 5:37 AM IST
ചെങ്ങന്നൂർ: ബാങ്ക് വായ്പ മറ്റൊരു ബാങ്കിലേക്കു മാറ്റി കുറഞ്ഞ പലിശ നിരക്കിൽ പുതിയ വായ്പ എടുത്തുതരാമെന്ന് വാഗ്ദാനം നൽകി വീട്ടമ്മയിൽനിന്നും സ്വർണവും പണവും തട്ടിയെടുത്ത കേസിൽ വിമുക്തഭടനെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ബാലരാമപുരം ജെ.വി. കോട്ടേജിൽ ജയരാജ് (59) ആണ് അറസ്റ്റിലായത്. ഇയാളെ കഴിഞ്ഞദിവസം കൊല്ലം ഏഴുകോണിൽനിന്നാണ് പോലീസ് പിടികൂടിയത്.
ചെങ്ങന്നൂരിൽ വ്യാപാര സ്ഥാപനങ്ങൾ നടത്തിവരുന്ന ആറൻമുള കിടങ്ങന്നൂർ അടിമുറിയിൽ സവിതാ മണികണ്ഠനിൽനിന്നു 1,97,500 രൂപയും അരപവന്റെ സ്വർണ ചെയിനുമാണ് പ്രതിതട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. 2024 ജൂണിലാണ് കേസിനാസ്പദമായ സംഭവം. സവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.
അന്വേഷണത്തിൽ പ്രതി കൊട്ടാരക്കര, വെഞ്ഞാറുംമുട്, തിരുവനന്തപുരം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും സമാനമായരീതിയിൽ തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.