എസ്എൻഡിപി മഹാസംഗമം: ചേർത്തല ഫെസ്റ്റിനു തുടക്കമായി
1540600
Monday, April 7, 2025 11:19 PM IST
ചേർത്തല: എസ്എൻഡിപി ചേർത്തല യൂണിയനിൽ നടക്കുന്ന മഹാസംഗമത്തിനും യോഗ നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഒരുക്കുന്ന സ്വീകരണത്തിനും മുന്നോടിയായി കാർഷിക-വ്യവസായ-പ്രദർശനമേള ചേർത്തല ഫെസ്റ്റിനു തുടക്കം. ശ്രീനാരായണ മെമ്മോറിയൽ സ്കൂൾ മൈതാനിയിലെ പ്രദർശന വേദിയിൽ കൃഷി, വ്യവസായ വകുപ്പുകളും സ്വകാര്യവ്യക്തികളും ചേർന്ന് 75 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. വിവിധ പ്രദർശനങ്ങൾ, ഫോട്ടോ പ്രദർശനം, വ്യാപാര മേള, എക്സിബിഷനുകൾ, ചരിത്ര പ്രദർശനം, ഭക്ഷ്യമേള, പുസ്തകോത്സവം, സ്റ്റാർട്ടപ്പ് മീറ്റിംഗുകൾ, സെൽഫി പോയിന്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
മന്ത്രി പി. പ്രസാദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.പി. നടരാജൻ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, ജനറൽ കൺവീനർ പി.ഡി. ഗഗാറിൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ, പാണാവള്ളി മേഖലാ ചെയർമാൻ കെ.എൽ. അശോകൻ, അരൂർ മേഖല ചെയർമാൻ വി.പി. തൃദീപ്കുമാർ, ബിജുദാസ്, പി.ജി. രവീന്ദ്രൻ അഞ്ജലി, ജെ.പി. വിനോദ്, അനിൽ ഇന്ദീവരം തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് വൈകുന്നേരം അഞ്ചിന് കളവംകോടം ശക്തീശ്വര ക്ഷേത്ര മൈതാനിയിൽ നടക്കുന്ന മെഗാ തിരുവാതിരയ്ക്ക് എസ്എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ദീപം തെളിക്കും. 11ന് വൈകുന്നേരം നാലിന് മഹാസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.