സ്പെഷൽ സ്കൂളിലെ സ്പെഷൽ പച്ചക്കറിത്തോട്ടം
1540293
Sunday, April 6, 2025 11:52 PM IST
തുറവൂർ: കുട്ടികൾ എല്ലാവരും ഒരുപോലെയല്ല. ഓരോരുത്തർക്കും അവരവരുടെതായ പ്രത്യേകതകൾ. സ്പെഷൽ സ്കൂളിലെ കുട്ടികളും അതുപോലെ വ്യത്യസ്തമായ പ്രത്യേകതകൾ ഉള്ളവർ. അവരെ പ്രത്യേക രീതിയിൽ പരിശീലിപ്പിക്കുവാനും ജീവിതം സന്തോഷമായി മുന്നോട്ടു കൊണ്ടുപോകാനും സഹായിക്കുന്നതാണ് സാൻജോ സദൻ സ്പെഷൽ സ്കൂൾ.
സാൻജോ സദൻ എന്ന പേരിൽ തുറവൂർ കവലയ്ക്ക് തെക്കുഭാഗത്ത് പ്രവർത്തിക്കുന്ന ഈ സ്പെഷൽ സ്കൂൾ പല കാര്യങ്ങൾ കൊണ്ടും സ്പെഷൽ തന്നെ. സാധാരണ കുട്ടികളെപ്പോലെ സാധാരണ രീതിയിൽ ചെയ്യാൻ കഴിയാത്ത സ്കൂളിലെ കുട്ടികൾ പക്ഷേ അവരുടെ സാൻജോ സദൻ സ്കൂൾ കോമ്പൗണ്ടിൽ ഉണ്ടാക്കിയിരിക്കുന്ന പച്ചക്കറിത്തോട്ടം കണ്ടാൽ എല്ലാവർക്കും അസാധാരണമായി തോന്നും.
എഫ്സിസി എറണാകുളം പ്രൊവിൻസിൽപ്പെട്ട സാൻജോ സദൻ സ്പെഷൽ സ്കൂൾ ജില്ലയിലെ തന്നെ ഇത്തരം സ്കൂളുകളിൽ മികച്ചതാണ്. അതിന് പ്രധാന തെളിവുകളിലൊന്നാണ് ഇവിടത്തെ പച്ചക്കറി കൃഷി. സ്കൂളിലെ കുട്ടികളുടെ തോട്ടത്തിലെ പണികൾ നടക്കുന്നത് എഫ്സിസി സിസ്റ്റേഴ്സിന്റെയും ടിച്ചേഴ്സിന്റെയും നേതൃത്വത്തിൽ. തുറവൂർ മേഖലയുടെ വിവിധ ഭാഗത്തുനിന്നുവരുന്ന കുട്ടികൾ എഫ്സിസി സിസ്റ്റേഴ്സിന്റെയും മറ്റു ടീച്ചേഴ്സിന്റെയും ശിക്ഷണത്തിൽ സന്തോഷപൂർവം കഴിയുന്നു.
ഉല്ലാസ വേളയിൽ പച്ചക്കറി കൃഷി ചെയ്യാ ൻ കുട്ടികളെ പ്രേരിപ്പിച്ച പ്രിൻസിപ്പൽ സിസ്റ്റർ ലിസയുടെ പ്രചോദനത്തിൽ വിവിധയിനം പച്ചക്കറികൾ നട്ടുവളർത്തി അവർ പരിപാലിക്കുന്നു. അതുവഴി കുട്ടികൾക്ക് കിട്ടുന്ന ആനന്ദം വളരെ വലുതെന്ന് സിസ്റ്റർ ലിസ ജോർജ് പറയുന്നു. വിളവെത്താറായ പച്ചക്കറികൾ തൊട്ട് വിളവ് കഴിഞ്ഞതും പുതിയതായി തൈകൾ നട്ട് പാകമായി വരുന്നതുമെല്ലാം സാൻജോ സദൻ സ്പെഷൽ സ്കൂൾ പച്ചക്കറിത്തോട്ടത്തിലുണ്ട്.
നിറയെ പാവലും പടവലവും പയറും മുളകും തുടങ്ങി വിവിധ പച്ചക്കറികൾ ധാരാളമായി ഇവിടെ വിളഞ്ഞിരിക്കുന്നു. കുട്ടികളുടെ പഠനവും വ്യക്തിത്വവികസനത്തിനുമൊപ്പം ഈ കാര്യങ്ങളിൽ കൂടി വ്യാപരിക്കാൻ സഹായിക്കുന്നത് കുട്ടികളുടെ മാതാപിതാക്കളും വലിയ കാര്യമായണ് കാണുന്നത്. പച്ചക്കറി കൃഷിയിൽ മാത്രമല്ല പലതരം കളികളിലും കലാമത്സരങ്ങളിലും ഈ സ്പെഷൽ സ്കൂളിലെ കുട്ടികൾ മികച്ച രീതിയിൽ പ്രകടനങ്ങൾ നടത്തുന്നു.