പാതിവഴിയില്‍ ലക്ഷ്യം കാണാതെ വള്ളികുന്നം ചിറ ടൂറിസം പദ്ധതി
1540044
Sunday, April 6, 2025 5:37 AM IST
കായംകുളം: പ്രകൃതി രമണീയമായ വള്ളികുന്നം ചിറയിലെ ടൂറിസംപദ്ധതി ലക്ഷ്യം കാണാതെ പാതിവഴിയില്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എയായിരുന്ന ആര്. രാജേഷിന്റെ ശ്രമഫലമായാണ് 2021ലെ ബജറ്റില്‍ രണ്ടുകോടി രൂപ ചിറയില്‍ ടൂറിസം പദ്ധതിക്കായി വകയിരുത്തിയത്. തുടര്‍ന്നു പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി. ചിറയ്ക്കുചുറ്റും നടപ്പാത, ചിറയോടുചേര്‍ന്ന് കോഫി ഷോപ്പ്, ഇരിപ്പിടം, ബോട്ടിംഗ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
ഇതിനു ടൂറിസംവകുപ്പിന്റെ അംഗീകാരവും ലഭിച്ചു. എന്നാല്‍, പദ്ധതി നടപ്പിലായില്ല. 2023 ല്‍ കളക്ടര്‍ വി.ആര്. കൃഷ്ണതേജയുടെ സാന്നിധ്യത്തില്‍ എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം പദ്ധതിയുടെ അടങ്കല്‍ തയാറാക്കാനായി തീരുമാനിച്ചു. അതിനായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ സില്‍ക്കിനെ ചുമതലപ്പെടുത്തി.
രണ്ടാഴ്ചയ്ക്കകം അടങ്കല്‍ നല്കാന് നിര്‍ദേശവും നല്കി. പദ്ധതിയുടെ നടത്തിപ്പിനു മുന്നോടിയായി വള്ളികുന്നം പഞ്ചായത്ത് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പദ്ധതി പ്രദേശത്തിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി അതിര്‍ത്തി നിര്‍ണയിച്ചുനല്‍കി. അടങ്കല്‍ തയാറായാല്‍ ഉടന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കരാര്‍ നല്‍കുമെന്നാണ് അന്ന് അറിയിച്ചത്. എന്നാല്‍, ഇതും പാതിവഴിയിലായി. ചിറയില്‍ ടൂറിസം പദ്ധതി നടപ്പാകുന്നതോടെ വള്ളികുന്നം ആഭ്യന്തരടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കും. ഓച്ചിറ-താമരക്കുളം റോഡില്‍ പുത്തന്ചന്തയില്നിന്നു കിഴക്കോട്ട് അരക്കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചിറയിലെത്താം.
വള്ളികുന്നം പഞ്ചായത്തിലെ നാലും ഏഴും വാര്‍ഡുകളിലായി 18 ഏക്കറിലാണ് ചിറ സ്ഥിതി ചെയ്യുന്നത്. ചിറയുടെ രണ്ടുവശങ്ങളിലും വിശാലമായ പുഞ്ചയാണ്. 2012ല്‍ നബാര്‍ഡില്‍നിന്നുള്ള ഒന്നരക്കോടി രൂപ ചെലവഴിച്ചു ചിറ നവീകരിച്ചിരുന്നു. വള്ളികുന്നത്തെ വലുതും പ്രധാനപ്പെട്ടതുമായ ചിറയോടുചേര്‍ന്ന് അനവധി നീര്‍ച്ചാലുകളുമുണ്ട്. നാടിനെ മാലിന്യ മുക്തമാക്കാന്‍ പഞ്ചായത്തുകള്‍ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും വള്ളികുന്നം ചിറയില്‍ മാലിന്യ നിക്ഷേപം വര്‍ധിച്ചിരിക്കുകയാണ്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും പായലും ഒക്കെ വള്ളികുന്നം ചിറയില്‍ നിറഞ്ഞ് ഇപ്പോള്‍ അടിഞ്ഞുകിടക്കുകയാണ്.